ബംഗാളിലെ ചരിത്രവിജയം: പാരമ്പര്യ വേഷമണിഞ്ഞ് വിജയാഘോഷത്തിനെത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തിയത് പാരമ്പര്യ ബംഗാളി വേഷമണിഞ്ഞ്. തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ വെളുത്ത കുർത്തയും ചുവന്ന കരയുള്ള ടസ്സർ സിൽക്ക് ദോത്തിയും ധരിച്ചാണ് അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യാനെത്തിയത്.

ബംഗാളിൻ്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ മുണ്ടിൻ്റെ ഒരറ്റം കുർത്തയുടെ പോക്കറ്റിൽ തിരുകിവെക്കുന്ന സവിശേഷ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാൽ വേദിയിൽ പോക്കറ്റിൽനിന്ന് ഇത് പുറത്തെടുത്ത് കയ്യിൽ പിടിച്ചായിരുന്നു നടപ്പ്. സംസ്ഥാനത്തിൻ്റെ തനതു നെയ്ത്തുകലയെ ഓർമിപ്പിക്കുന്ന പരമ്പരാഗത ‘ബൂട്ടി’ ഡിസൈനിലുള്ള കോട്ടൺ സ്കാർഫും അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു

ബംഗാളിലെ ജനങ്ങളോടുള്ള ആദരസൂചകമായാണ് പ്രധാനമന്ത്രി ഈ വേഷം തിരഞ്ഞെടുത്തതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ ബിജെപി അധ്യക്ഷനും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് സ്വീകരിച്ചു. ബംഗാളിൽ ആദ്യമായി കേവലഭൂരിപക്ഷം കടന്ന് വൻ വിജയം കൊയ്ത പ്രവർത്തകരെ അദ്ദേഹം പ്രസംഗത്തിലൂടെ അഭിനന്ദിച്ചു.

വികസനത്തിൻ്റെ പുതിയ രാഷ്ട്രീയത്തിനാണ് ബംഗാൾ തുടക്കമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലെ വിജയത്തിനൊപ്പം അസമിലെ ഭരണത്തുടർച്ചയും തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും മുന്നേറ്റങ്ങളും ആഘോഷിക്കാനാണ് പ്രധാനമന്ത്രി പാർട്ടി ആസ്ഥാനത്തെത്തിയത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വിജയമാഘോഷിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്.

Historic victory in Bengal: Prime Minister arrives at victory celebration wearing traditional attire

More Stories from this section

family-dental
witywide