പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ച മമത ബാനർജിയെ ഗവർണർ ആർ.എൻ. രവി പുറത്താക്കി. മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് ഗവർണർ ഉത്തരവിറക്കി. ജനവിധി അട്ടിമറിച്ചതാണെന്ന് ആരോപിച്ച് മമത സ്ഥാനമൊഴിയാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ഗവർണർ ഭരണഘടനാപരമായ പ്രത്യേക അധികാരം ഉപയോഗിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കെയർടേക്കർ മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യമായി.
നിയമസഭയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ സഭ പിരിച്ചുവിട്ട ഗവർണർ, ബംഗാളിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ നൽകുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും പുതിയ സർക്കാർ രൂപീകരിക്കാൻ വഴങ്ങാതെ മമത ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കേന്ദ്ര ഇടപെടലിന് ഗവർണർ ശുപാർശ ചെയ്തത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്തിന്റെ ഭരണച്ചുമതല പൂർണ്ണമായും ഗവർണറുടെ നിയന്ത്രണത്തിലാകും.
തിരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയെങ്കിലും വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ചാണ് മമത ബാനർജി പിടിച്ചുനിന്നത്. എന്നാൽ സഭ പിരിച്ചുവിട്ടതോടെ മമതയുടെ വാദങ്ങൾക്ക് നിയമപരമായ നിലനിൽപ്പില്ലാതായി. വരും മണിക്കൂറുകളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ബംഗാൾ താത്കാലിക രാഷ്ട്രപതി ഭരണത്തിന് കീഴിലാകും. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ ഈ സാഹചര്യം തുടരും. നാളെ ചേരുന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കും. അടുത്ത ആഴ്ച തന്നെ പുതിയ സർക്കാർ അധികാരമേൽക്കാനാണ് സാധ്യത.
Governor Dismisses Mamata Banerjee; Recommends President’s Rule in West Bengal














