
റിയാദ്: ഹൂതികൾ നടത്തിയത് സൗദി മണ്ണിൽ കഴിഞ്ഞ പത്ത വർഷത്തിനിടയിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന കനത്ത ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരൻ ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൗദി വ്യോമാതിർത്തിയിലേക്കും വിമാനത്താവളങ്ങൾക്കും നേരെ ഹൂതികൾ പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ആക്രമണത്തെ തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിയാദിലെ സ്കൂളുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറ്റി. യു.എസ്, ബ്രിട്ടൻ, ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മക്കാ, മദീന ഒഴികെയുള്ള രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളും വ്യോമാതിർത്തിയും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് ഹൂതി സൈനിക വക്താവ് യാഹ്യ സരി എക്സ് പ്ലാറ്റ്‌ഫോമിൽ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പൗരന്റെ മരണത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കടുത്ത അമർഷം രേഖപ്പെടുത്തി. ആക്രമണത്തിൽ പങ്കുചേരുന്നതിനെക്കുറിച്ചും ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുന്നതിനെക്കുറിച്ചും ആലോചിച്ചു വരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ പിന്തുണയുള്ള വിമതരുടെ ഇത്തരം ആക്രമണങ്ങൾ മേഖലയെ കൂടുതൽ വലിയ അക്രമങ്ങളുടെ പരമ്പരയിലേക്ക് തള്ളിവിടുകയാണെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ കുറ്റപ്പെടുത്തി.














