
വാഷിംഗ്ടൺ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന്റെ പേരിൽ സൗദി അറേബ്യയ്ക്ക് വേണ്ടി യുഎസ് സൈനിക തിരിച്ചടി നടത്തരുതെന്ന് ഡെമോക്രാറ്റിക് സെനറ്റർ ക്രിസ് മർഫി. യെമനിലെ ഹൂതികളുമായി യുദ്ധത്തിലേക്ക് പോവുന്നത് കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്നും മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫേസ് ദി നേഷൻ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കണക്റ്റിക്കട്ട് നിന്നുള്ള സെനറ്റർ കൂടിയായ ക്രിസ് മർഫി ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവള ആക്രമണത്തിന് തലേദിവസം താൻ റിയാദിൽ ഉണ്ടായിരുന്നുവെന്നും, അവിടെ താൻ കണ്ടത് പൂർണ്ണമായും കൈവിട്ടുപോയ യുദ്ധസാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. യെമനിലെ ഹൂതികളും സൗദി അറേബ്യയും തമ്മിൽ പുതിയൊരു യുദ്ധം തന്നെ ആരംഭിച്ചിരിക്കുകയാണെന്നും, ഇറാൻ തങ്ങളുടെ മിസൈൽ പദ്ധതികളും ആണവ ഗവേഷണ പ്രവർത്തനങ്ങളും പുനരാരംഭിക്കുന്നതിനുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനെതിരായ യുദ്ധത്തിൽ ഇടപെട്ടുകൊണ്ട് അമേരിക്ക മിഡിൽ ഈസ്റ്റിലെ സ്ഥിതി കൂടുതൽ കുഴപ്പത്തിലാക്കിയതുപോലെ, ഈ പുതിയ നീക്കവും മേഖലയെ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം വിമർശിച്ചു. ഈ യുദ്ധത്തിൽ പരാജയപ്പെടാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ പോലും ഇതിലും മോശമായി അവർക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയില്ലെന്നും ഇത് അമേരിക്കയ്ക്ക് അപമാനകരമാണെന്നും മർഫി കുറ്റപ്പെടുത്തി. യുദ്ധം ചെറുതാകുന്നതിന് പകരം കൂടുതൽ വലുതും അപകടകരവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















