”എനിക്ക് ഇവിടെ ഒന്നും തെളിയിക്കാനോ നഷ്ടപ്പെടാനോ ഇല്ല, ജയ പരാജയങ്ങൾ എനിക്ക് പ്രധാനമല്ല”- വലിയ പ്രഖ്യാപനവുമായി സെറീന വില്യംസ് വീണ്ടും കോർട്ടിലേക്ക്

ലണ്ടൻ: ടെന്നീസ് ലോകത്തെ ഇതിഹാസ താരം സെറീന വില്യംസ് വീണ്ടും കോർട്ടിലേക്ക് തിരിച്ചെത്തുന്നു. ലണ്ടനിലെ ക്വീൻസ് ക്ലബ്ബിൽ നടക്കുന്ന എച്ച്.എസ്.ബി.സി ചാമ്പ്യൻഷിപ്പിൽ ഡബിൾസ് മത്സരത്തിലൂടെയാണ് 23 തവണ ഗ്രാൻഡ്‌സ്ലാം സിംഗിൾസ് കിരീടം നേടിയ സെറീനയുടെ മടങ്ങിവരവ്. കാനഡയുടെ കൗമാര താരം വിക്ടോറിയ എംബോക്കോയാണ് സെറീനയുടെ പങ്കാളി.

തൻ്റെ കരിയറിലെ മുൻകാലങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മാനസികാവസ്ഥയിലാണ് താൻ ഈ ടൂർണമെൻ്റിനെ സമീപിക്കുന്നതെന്ന് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ സെറീന വ്യക്തമാക്കി.

“എനിക്ക് ഇനി ഒന്നും ജയിക്കേണ്ടതില്ല. ഭൂരിഭാഗം ആളുകൾക്കും അവരുടെ ജീവിതത്തിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഞാൻ നേടിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ജയ പരാജയങ്ങൾ എനിക്ക് പ്രധാനമല്ല. എനിക്ക് ഇവിടെ ഒന്നും തെളിയിക്കാനോ നഷ്ടപ്പെടാനോ ഇല്ല. നേടാൻ മാത്രമാണുള്ളത്,” സെറീന പറഞ്ഞു.

കഴിഞ്ഞ ഡിസംബറിൽ താൻ കളി നിർത്തുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന്, അന്ന് തനിക്ക് തിരിച്ചുവരവ് പ്ലാനുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് താരം മറുപടി നൽകി. പിന്നീട് ചിലരുമായി നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് വെറുതെ ഒരു രസത്തിന് വേണ്ടി എന്തുകൊണ്ട് വീണ്ടും കളിച്ചുകൂടാ എന്ന് ചിന്തിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

തൻ്റെ മക്കളായ ഒളിമ്പിയയ്ക്കും അദീരയ്ക്കും താൻ കോർട്ടിൽ മത്സരിക്കുന്നത് നേരിട്ട് കാണാനുള്ള അവസരം നൽകുക എന്നത് കൂടിയാണ് ഈ തിരിച്ചുവരവിന് പിന്നിലെ പ്രധാന പ്രചോദനമെന്ന് 44-കാരിയായ താരം വെളിപ്പെടുത്തി. ഭാവിയിൽ സിംഗിൾസ് മത്സരങ്ങളിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന്, നിലവിൽ ഡബിൾസിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സിംഗിൾസ് കളിക്കണമെങ്കിൽ ഇനിയും കൂടുതൽ പരിശീലനം ആവശ്യമാണെന്നും സെറീന വ്യക്തമാക്കി.

തൻ്റെ പങ്കാളിയായ വിക്ടോറിയ എംബോക്കോയുടെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും സെറീന പ്രശംസിച്ചു. എംബോക്കോയുടെ കളി ശൈലി തൻ്റെ പഴയകാലത്തെ ഓർമ്മിപ്പിക്കുന്നുവെന്നും താരം പറഞ്ഞു. ചൊവ്വാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ടൂർണമെൻ്റിലെ മൂന്നാം സീഡായ നിക്കോൾ മെലിചാർ-മാർട്ടിനെസ്, എറിൻ റൂട്ട്‌ലിഫ് സഖ്യത്തെയാണ് സെറീനയും എംബോക്കോയും നേരിടുക.

“I have nothing to prove or lose here, wins and losses are not important to me” – Serena Williams returns to court with a big announcement

More Stories from this section

family-dental
witywide