
ലണ്ടൻ: ടെന്നീസ് ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഇരുപത്തിമൂന്ന് തവണ ഗ്രാൻഡ്സ്ലാം സിംഗിൾസ് ചാമ്പ്യനായ സെറീന വില്യംസ് പ്രൊഫഷണൽ ടെന്നീസിലേക്ക് തിരിച്ചെത്തുന്നു. നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് 44-കാരിയായ ഈ അമേരിക്കൻ ഇതിഹാസ താരം വീണ്ടും കോർട്ടിലേക്ക് മടങ്ങിയെത്തുന്നത്.
2022-ലെ യു.എസ്. ഓപ്പണിന് ശേഷം സെറീന കളിക്കുന്ന ആദ്യ ഔദ്യോഗിക ടൂർണമെൻ്റാണിത്.ഈ മാസം ലണ്ടനിലെ ക്വീൻസ് ക്ലബ്ബിൽ നടക്കുന്ന പ്രശസ്തമായ എച്ച്.എസ്.ബി.സി ചാമ്പ്യൻഷിപ്പിലൂടെയാണ് സെറീനയുടെ രണ്ടാം വരവ്. ജൂൺ 8 മുതൽ 14 വരെ നടക്കുന്ന ഈ ഡബ്ല്യു.ടി.എ 500 ടൂർണമെൻ്റിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് താരം പ്രവേശനം നേടിയിരിക്കുന്നത്. സിംഗിൾസ് മത്സരങ്ങൾക്ക് പകരം വനിതാ ഡബിൾസിലാവും സെറീന ഇത്തവണ മത്സരിക്കുക. കാനഡയുടെ 19 വയസ്സുകാരിയായ കനേഡിയൻ താരം വിക്ടോറിയ എംബോക്കോയുമായി ചേർന്നാവും സെറീന സഖ്യം രൂപീകരിക്കുക എന്നാണ് സൂചനകൾ.
2022-ൽ ടെന്നീസിൽ നിന്ന് താൻ ‘അകന്നുമാറുന്നു’ എന്ന് പ്രഖ്യാപിച്ച സെറീന, ആറ് മാസത്തെ നിർബന്ധിത ഉത്തേജകമരുന്ന് പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ കോർട്ടിലേക്ക് മടങ്ങുന്നത്. പുൽക്കോർട്ടിൽ നടക്കുന്ന ഈ ടൂർണമെൻ്റിലെ പ്രകടനം വരാനിരിക്കുന്ന വിംബിൾഡൺ ചാമ്പ്യൻഷിപ്പിലേക്കുള്ള താരത്തിൻ്റെ വഴിതുറക്കുമെന്നാണ് ആരാധകരുടെയും കായിക ലോകത്തിൻ്റെയും പ്രതീക്ഷ.
Tennis legend Serena Williams returns to the court after a four-year hiatus; returns through the London Championships















