
വാഷിംഗ്ടൺ: അയോവയിലെ മിഡിൽടൗണിലുള്ള സൈനിക ആയുധ നിർമ്മാണ ശാലയിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ച് ടൺ ‘ലെഡ് അസൈഡ്’ സ്ഫോടകവസ്തുക്കൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കാനുള്ള സൈന്യത്തിന്റെ നീക്കം തടയാൻ യു.എസ് ഫെഡറൽ അപ്പീൽ കോടതി വിസമ്മതിച്ചു. ഇതോടെ മുൻ നിശ്ചയിച്ച പ്രകാരം ബുധനാഴ്ച രാവിലെ സ്ഫോടനം നടത്താൻ സൈന്യത്തിന് വഴിയൊരുങ്ങി. നിലവിലെ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകിയതായി ആക്ടിംഗ് ആർമി സെക്രട്ടറി ആദം ടെല്ലെ അറിയിച്ചു.
ദശാബ്ദങ്ങളായി മണ്ണിനടിയിലെ കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിരുന്ന ലെഡ് അസൈഡ് കാലപ്പഴക്കം കാരണം അസ്ഥിരമായെന്നും, തണുപ്പുകാലം ശക്തമാകുന്നതിന് മുൻപ് ഇവ നശിപ്പിച്ചില്ലെങ്കിൽ സ്വയം പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നുമാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും നിലപാട്. എഫ്.ബി.ഐ, പരിസ്ഥിതി സംരക്ഷണ ഏജൻസി, ഫെമ തുടങ്ങിയ എല്ലാ ഏജൻസികളുടെയും ഏകകണ്ഠമായ തീരുമാനപ്രകാരമാണ് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ സ്ഫോടനം നടത്തുന്നതെന്ന് സൈന്യം വ്യക്തമാക്കി.
അതേസമയം, നിയന്ത്രിത സ്ഫോടനം നടത്തിയാൽ 100 മൈൽ ചുറ്റളവിലുള്ള വീടുകളിലും സമീപ സംസ്ഥാനമായ ഇല്ലിനോയിയിലും വിഷാംശമുള്ള ലെഡ് പൊടിപടലങ്ങൾ പടരുമെന്ന് ചൂണ്ടിക്കാട്ടി സിയറ ക്ലബ്ബ്, അയോവ എൻവയോൺമെന്റൽ കൗൺസിൽ എന്നീ പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച സ്ഫോടനം താൽക്കാലികമായി തടഞ്ഞ എട്ടാം സർക്യൂട്ട് അപ്പീൽ കോടതി, തിങ്കളാഴ്ച പരിസ്ഥിതി സംഘടനകളുടെ വാദങ്ങൾ തള്ളുകയായിരുന്നു. അനിയന്ത്രിതമായ സ്ഫോടനം ഉണ്ടാകുന്നതിനേക്കാൾ സുരക്ഷിതം മുൻകരുതലുകളോടെയുള്ള നിയന്ത്രിത സ്ഫോടനമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇതിനിടെ, നിയുക്ത ഡെമോക്രാറ്റിക് ഗവർണർ റോബ് സാൻഡ് അനുമതി നൽകിയാൽ മാത്രമേ സ്ഫോടനം നടത്തുകയുള്ളൂവെന്നും, അല്ലെങ്കിൽ ഭാവിയിലുണ്ടാകുന്ന ഏതൊരു നാശനഷ്ടത്തിനും അദ്ദേഹം ഉത്തരവാദിയായിരിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച രാവിലെ സമൂഹമാധ്യമത്തിലൂടെ പ്രസ്താവിച്ചിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപ് തന്നെ വിദഗ്ധരെ നിയോഗിച്ച ട്രംപ് ഭരണകൂടം ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും, ഈ പ്രതിസന്ധി എങ്ങനെ ഉണ്ടായെന്ന് അറിയാൻ അയോവയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും റോബ് സാൻഡ് തിരിച്ചടിച്ചു. സ്ഫോടനത്തിന്റെ ഭാഗമായി മിഡിൽടൗണിലെ താമസക്കാരോട് ആറ് മണിക്കൂർ നേരത്തേക്ക് വീടുകളിൽ നിന്ന് മാറിനിൽക്കാൻ സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്.















