‘അമേരിക്കയെക്കാൾ കൂടുതൽ ഊർജസ്വലമാണ് ഇന്ത്യ’; ഗ്രീൻ കാർഡ് കാത്തിരിപ്പ് അവസാനിപ്പിച്ച് ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ അനുഭവം പങ്കിട്ട് എൻആർഐ വനിത

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ജീവിതം ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയതായിരുന്നു ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനമെന്ന് ഇന്ത്യൻ വംശജയും സ്റ്റാർട്ടപ്പ് സംരംഭകയുമായ അസ്ത ചതുർവേദി. ഇന്ത്യ അമേരിക്കയെക്കാൾ കൂടുതൽ ഊർജസ്വലവും അവസരങ്ങൾ നിറഞ്ഞതുമാണെന്ന് അവർ പറയുന്നു. 38-കാരിയായ അസ്ത ചതുർവേദി ഭർത്താവിനും മകൾക്കും വളർത്തുമൃഗത്തിനുമൊപ്പമാണ് ഈ വർഷം സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. 15 വർഷത്തോളം അമേരിക്കയിൽ താമസിച്ചിരുന്ന ഇവർക്ക് സ്വന്തമായി വീടും സ്ഥിരതയാർന്ന ജീവിതവുമുണ്ടായിരുന്നു.

എന്നാൽ 2024-ൽ തന്റെ സ്റ്റാർട്ടപ്പിനായി ഒരു ചീഫ് ടെക്‌നോളജി ഓഫീസറെ (CTO) നിയമിക്കുന്നതിനായി ഇന്ത്യയിലെത്തിയപ്പോൾ ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം അസ്തയെ ആകർഷിച്ചു. തുടർന്ന് കമ്പനി ഇന്ത്യയിൽ നിന്ന് പ്രവർത്തിപ്പിക്കണമോ എന്ന ചിന്ത ശക്തമായി.”15 വർഷം അമേരിക്കയിൽ ജീവിതം കെട്ടിപ്പടുക്കാൻ ചെലവഴിച്ചെങ്കിലും സ്ഥിരതാമസത്തിനുള്ള വ്യക്തമായ വഴി ഉണ്ടായിരുന്നില്ല. ഞാനും ഭർത്താവും ഗ്രീൻ കാർഡിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ കാത്തിരിപ്പ് അവസാനമില്ലാത്തതുപോലെ തോന്നി. ഭർത്താവിന്റെ അപേക്ഷ 2015-ലെയും എന്റേത് 2020-ലെയും ആയിരുന്നു,” എന്ന് അസ്ത പറഞ്ഞു.

H-1B വിസയിലായിരുന്ന അസ്ത സ്വന്തം കമ്പനി ആരംഭിക്കാനുള്ള ആഗ്രഹത്തെ തുടർന്ന് പിന്നീട് H-4 വിസയിലേക്ക് മാറി. മടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ ജോലി സംസ്കാരത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെങ്കിലും, സ്ഥാപനത്തിന്റെ ഉടമ എന്ന നിലയിൽ അതെല്ലാം നിയന്ത്രിക്കാൻ കഴിയുമെന്ന് പിന്നീട് മനസ്സിലായതായി അവർ പറഞ്ഞു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് കുടുംബം സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറ്റിയത്. നിലവിൽ ബെംഗളൂരുവിൽ ഏകദേശം 10 ലക്ഷം ഡോളർ (ഏകദേശം 8.5 കോടി രൂപ) വിലവരുന്ന അപ്പാർട്ട്മെന്റിന്റെ ഉടമകളാണ് ഇവർ.

ജീവിതച്ചെലവിനെക്കുറിച്ച് സംസാരിച്ച അസ്ത, ഇന്ത്യയിൽ ആഡംബര ജീവിതം തിരഞ്ഞെടുക്കുകയാണെങ്കിൽ ചെലവ് കുറവല്ലെന്ന് വ്യക്തമാക്കി.”ഇന്ത്യ വിലകുറഞ്ഞ രാജ്യമാണെന്ന് പറയാനാവില്ല. പ്രത്യേകിച്ച് ഉയർന്ന നിലവാരമുള്ള ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ഫർണിച്ചർ, ഇലക്ട്രോണിക്‌സ് തുടങ്ങിയവ അമേരിക്കയേക്കാൾ ചെലവേറിയതാകാം. എന്നാൽ ആരോഗ്യപരിചരണവും വീട്ടുജോലിക്കാരുടെ സേവനവും വളരെ കുറഞ്ഞ ചെലവിൽ ലഭിക്കുന്നതിനാൽ മൊത്തത്തിൽ അത് സന്തുലിതമാകുന്നു,” അവർ പറഞ്ഞു.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് വലിയ വെല്ലുവിളിയാണെന്നും അതിനാൽ മുഴുവൻ സമയ ഡ്രൈവറെ നിയമിച്ചിട്ടുണ്ടെന്നും അസ്ത വ്യക്തമാക്കി. അതേസമയം, അമേരിക്കയിൽ പതിവായിരുന്ന വീട്ടുജോലികളുടെ ഭാരത്തിൽ നിന്ന് ഇപ്പോൾ മോചനം ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു. മകൾ പുതിയ സ്കൂളുമായി ഇണങ്ങിത്തുടങ്ങിയെന്നും വളർത്തുമൃഗവും ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരികയാണെന്നും പറഞ്ഞ അസ്ത, ഇന്ത്യയിലേക്ക് മടങ്ങിയ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോൾ ഉറപ്പുണ്ടെന്ന് വ്യക്തമാക്കി.”സാംസ്കാരികമായി എനിക്ക് യാതൊരു അകൽച്ചയും അനുഭവപ്പെടുന്നില്ല. അമേരിക്കയെക്കാൾ ഇന്ത്യ കൂടുതൽ ഊർജസ്വലവും സജീവവുമാണെന്നാണ് എനിക്ക് തോന്നുന്നത്,” എന്ന് ചതുർവേദി അനുഭവം പങ്കുവെച്ചു.

‘India feels more vibrant than US’: NRI woman on Green Card queue says choosing Bengaluru over San Francisco was the right decision

More Stories from this section

family-dental
witywide