ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2026-27 വർഷങ്ങളിലേക്കുള്ള നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ 10:30-ന് ഹൂസ്റ്റണിലെ വിൻധം ഹോട്ടലിൽ വെച്ച് നടക്കും. പ്രസ് ക്ലബ് പ്രസിഡന്റ് രാജു പള്ളത്താണ് ഇക്കാര്യം അറിയിച്ചത്. മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ, വി ടി ബൽറാം, നടൻ തമ്പി ആന്റണി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
നാഷണൽ കമ്മിറ്റിയുടെ ഉദ്ഘാടനത്തിനൊപ്പം ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനവും അതേ വേദിയിൽ വെച്ച് തന്നെ നടക്കും. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കും പ്രമുഖർക്കും പുറമെ കേരളത്തിൽ നിന്നുള്ള വിശിഷ്ട അതിഥികളും സമ്മേളനത്തിൽ ഭാഗമാകും. സംഘടനയുടെ മുൻ പ്രസിഡന്റുമാർ, അഡ്വൈസറി ബോർഡ് ചെയർമാൻമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിൽ എത്തിച്ചേരും.
ഐപിസിഎൻഎ പ്രസിഡന്റ് രാജു പള്ളത്ത്, ജനറൽ സെക്രട്ടറി അനിൽ ആറന്മുള, ട്രഷറർ ജയൻ ജോസഫ്, വൈസ് പ്രസിഡന്റ് അനിൽ മറ്റത്തിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി സിമി ജെസ്റ്റോ, ജോയിന്റ് ട്രഷറർ കവിത നായർ എന്നിവരടങ്ങുന്ന സമിതിയാണ് വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് ഇലക്ട് ഷിജോ പൗലോസ് എന്നിവരും ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളായ ഫിന്നി രാജു, ജീമോൻ റാന്നി, വിജു വർഗീസ് എന്നിവരും പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകുന്നു.
India Press Club Of North America National Committee Inauguration On August 2 In Houston












