ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ചൈനയ്ക്കും ആശങ്ക; യുഎസുമായുള്ള ബന്ധത്തിൽ സ്ഥിരത തുടരുമെന്ന് പ്രതീക്ഷ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ കനത്ത തിരിച്ചടി ചൈനയിലും ചർച്ചയാകുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിൽ ‘ട്രംപിന്റെ സമ്പൂർണ പരാജയം’ എന്ന ഹാഷ്ടാഗ് വൈറലായി. ബുധനാഴ്ച വൈകിട്ടോടെ 70 ദശലക്ഷത്തിലധികം പേരാണ് ഹാഷ്ടാഗ് കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ചൈന-യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന നിലപാടിലാണ് ബെയ്ജിങ്. തിരഞ്ഞെടുപ്പ് അമേരിക്കയുടെ ആഭ്യന്തര കാര്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നേരത്തേ കൈവരിച്ച ധാരണകൾ നടപ്പാക്കുന്നതിൽ ചൈന പ്രതിജ്ഞാബദ്ധമാണെന്നും അവർ വ്യക്തമാക്കി. ഈ വർഷം ഇരുനേതാക്കളും മൂന്നാം തവണ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ചൈനയുടെ പ്രതികരണം. പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം, പരസ്പര നേട്ടം എന്നിവ അടിസ്ഥാനമാക്കി യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ചൈനയുടെ ശ്രമമെന്നും മാവോ നിങ് പറഞ്ഞു.

ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ 2025ൽ ചൈനയുമായി യുഎസ് കടുത്ത വ്യാപാരയുദ്ധത്തിലേക്ക് നീങ്ങിയിരുന്നു. ഇറക്കുമതി തീരുവ മൂന്നക്ക സംഖ്യയിലേക്ക് ഉയർന്നതോടെ ബന്ധം വഷളായി. എന്നാൽ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ സ്ഥിരത കൈവന്നു. ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളിലും തായ്‌വാനുള്ള പിന്തുണയിലും യുഎസ് തൽക്കാലം സംയമനം പാലിക്കുകയും ചെയ്തു. പ്രസിഡന്റ് പദവിയുടെ അവസാനഘട്ടത്തിലേക്ക് ട്രംപ് കടക്കുമ്പോഴും വിദേശനയത്തിൽ നിർണായക തീരുമാനങ്ങളെടുക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. പുതിയ നയപരിപാടികൾക്ക് അദ്ദേഹം ശ്രമിച്ചാൽ ചൈന-യുഎസ് ബന്ധത്തിൽ വീണ്ടും സംഘർഷമുണ്ടാകാം.

അതേസമയം, നിലവിലെ സ്ഥിരത ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെയെങ്കിലും തുടരുമെന്നാണ് ചൈനയിലെ വിദഗ്ധരുടെ വിലയിരുത്തൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുവായ സ്ഥിരത നിലനിൽക്കുമെങ്കിലും യുഎസ് കോൺഗ്രസിൽനിന്ന് കൂടുതൽ സമ്മർദങ്ങളും വിമർശനങ്ങളും ഉണ്ടാകാമെന്ന് സിങ്‌ഹുവ സർവകലാശാലയിലെ സെന്റർ ഫോർ ഇന്റർനാഷനൽ സെക്യൂരിറ്റി ആൻഡ് സ്ട്രാറ്റജി ഡയറക്ടർ ഡാ വെയ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വെയ്‌ബോയിൽ ട്രംപിനെതിരെ രൂക്ഷമായ പ്രതികരണങ്ങളും ഉയർന്നു.

രണ്ടുവർഷം മുൻപ് ചൈനയുമായുള്ള സാമ്പത്തിക ഏറ്റുമുട്ടൽ ശക്തമാക്കുമെന്ന വാഗ്ദാനത്തോടെയാണ് ട്രംപ് അധികാരത്തിലെത്തിയത്. എന്നാൽ ഇപ്പോൾ ചൈനയോട് കൂടുതൽ കടുത്ത നിലപാട് ആവശ്യപ്പെടുന്ന യുഎസ് നിയമനിർമാതാക്കൾക്ക് നിയന്ത്രണമായി മാറിയിരിക്കുകയാണ് അദ്ദേഹം. ചൈനയിലേക്കുള്ള കയറ്റുമതി നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള നിരവധി ബില്ലുകൾ കോൺഗ്രസിന്റെ പരിഗണനയിലുണ്ട്. ചിപ്പ് നിർമാണ ഉപകരണങ്ങൾക്കും ചൈനീസ് നിർമാണ കേന്ദ്രങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് ‘മാച്ച് ആക്ട്’. യുഎസ് കമ്പനികൾ നേരിടുന്ന അതേ കർശന നിയന്ത്രണങ്ങൾ ചൈനയ്ക്കെതിരെയും സഖ്യരാജ്യങ്ങൾ ഏർപ്പെടുത്തണമെന്നും ബിൽ ആവശ്യപ്പെടുന്നു.

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസ് രൂപീകരിക്കപ്പെടുന്നത് ട്രംപ് ഭരണകൂടത്തിന്റെ ഇറക്കുമതി തീരുവ ഇളവുകൾ, കയറ്റുമതി നിയന്ത്രണങ്ങൾ, സെമികണ്ടക്ടർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കരാറുകൾ എന്നിവയിൽ കൂടുതൽ പരിശോധനകൾക്ക് വഴിയൊരുക്കുമെന്ന് മുൻ യുഎസ് വ്യാപാര ഉദ്യോഗസ്ഥൻ ബെൻ കോസ്റ്റെർസ പറഞ്ഞു. ഇതോടെ ചൈനയുമായുള്ള ട്രംപിന്റെ വ്യാപാര ചർച്ചകൾ കൂടുതൽ നിരീക്ഷണത്തിന് വിധേയമാകും. എന്നാൽ വിദേശനയത്തിൽ പ്രസിഡന്റിനുള്ള വിപുലമായ അധികാരങ്ങൾ കാരണം ഇത്തരം കാര്യങ്ങളിൽ കോൺഗ്രസിന്റെ ഇടപെടൽ പരിമിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

China keeps faith in Trump as ‘total defeat’ adds new risks

More Stories from this section

family-dental
witywide