ഒബാമയുടെ മുൻ ഉപദേശകൻ ഇനി യു.എസ് കോൺഗ്രസിൽ; വിർജീനിയയിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ വംശജൻ സുഹാസ് സുബ്രഹ്മണ്യം

വിര്‍ജീനിയ: ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റ് സുഹാസ് സുബ്രഹ്മണ്യം വിര്‍ജീനിയയില്‍ വീണ്ടും വിജയിച്ചു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള സുബ്രഹ്മണ്യം വിര്‍ജീനിയയിലെ പത്താം കോണ്‍ഗ്രസ് മണ്ഡലത്തില്‍ നിന്നാണ് യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 61.5 ശതമാനത്തിലധികം വോട്ടുകള്‍ നേടിയ അദ്ദേഹം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡേവ് ബെക്ക്വിത്തിനെ പരാജയപ്പെടുത്തി. ബെക്ക്വിത്തിന് 36.4 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 40 വയസ്സുകാരനായ സുബ്രഹ്മണ്യം 2024-ലാണ് ആദ്യമായി ജനപ്രതിനിധിസഭയിലെത്തിയത്.

ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ഹൂസ്റ്റണില്‍ ജനിച്ച സുഹാസാ ന്യൂ ഓര്‍ലിയന്‍സിലെ ടുലെയ്ന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്തുതന്നെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2005-ല്‍ കത്രീന ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി സന്നദ്ധപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം പങ്കാളിയായി. പിന്നീട് ക്യാപിറ്റല്‍ ഹില്ലില്‍ നയരൂപീകരണ സഹായിയായി പ്രവര്‍ത്തിച്ച അദ്ദേഹം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

കുടിയേറ്റ പരിഷ്‌കരണത്തെ പിന്തുണച്ച് ഇരുപാര്‍ട്ടികളിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി കൂട്ടായ്മ രൂപീകരിക്കുന്നതിലും സുബ്രഹ്മണ്യം പങ്കുവഹിച്ചു. വിമുക്തഭടന്മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും തൊഴിലാളി കുടുംബങ്ങള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങളും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിനുള്ള നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് മികച്ച വിജയം നേടി നിയമബിരുദം നേടിയ ശേഷമാണ് ഒബാമ ഭരണകൂടത്തില്‍ വൈറ്റ് ഹൗസ് ടെക്‌നോളജി പോളിസി ഉപദേഷ്ടാവായി ചുമതലയേറ്റത്.

വൈറ്റ് ഹൗസിലെ സേവനത്തിനുശേഷം വിര്‍ജീനിയയിലെ ലൗഡണ്‍ കൗണ്ടിയില്‍ സ്വന്തം ചെറുകിട സംരംഭം ആരംഭിച്ചു. ഇതോടൊപ്പം സന്നദ്ധ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായും അഗ്‌നിശമന സേനാംഗമായും പ്രവര്‍ത്തിച്ചു. പൊതുസേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ സജീവമായി കടന്നുവന്നത്.

2019-ല്‍ വിര്‍ജീനിയ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യം തുടര്‍ച്ചയായി രണ്ട് തവണ നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. പിന്നീട് വിര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലും അംഗമായി. 2024-ല്‍ യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലെത്തി. ഇപ്പോഴത്തെ വിജയത്തോടെ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വീണ്ടും ശ്രദ്ധേയമാക്കിയിരിക്കുകയാണ് സുഹാസ് സുബ്രഹ്മണ്യം.

Indian-origin Democrat Suhas Subramanyam has won again in Virginia.

More Stories from this section

family-dental
witywide