അമേരിക്കയിൽ 258 കോടി രൂപയുടെ നികുതി തട്ടിപ്പ്; ഇന്ത്യൻ വംശജന് 5 വർഷം തടവ്

ടെക്സസ്: അമേരിക്കൻ സർക്കാരിൽനിന്ന് 27 മില്യൺ ഡോളറിലധികം (ഏകദേശം 258 കോടി രൂപ) വരുമാനം മറച്ചുവെക്കാൻ ബിസിനസ് ഉടമകളെ സഹായിച്ച രാജ്യവ്യാപക നികുതി തട്ടിപ്പ് പദ്ധതിയിൽ പങ്കാളിയായ ഇന്ത്യൻ വംശജനായ ടെക്സസ് സ്വദേശിക്ക് അഞ്ച് വർഷം തടവ്. ടെക്സസിലെ ജോൺസ്‌ടൗൺ സ്വദേശിയായ ആനന്ദ് ശുക്ലയ്ക്കാണ് 60 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. അമേരിക്കയെ വഞ്ചിക്കാനുള്ള ഗൂഢാലോചനയിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ശിക്ഷയെന്ന് യുഎസ് നീതിന്യായ വകുപ്പ് (DOJ) അറിയിച്ചു.

2017 മുതൽ 2025 വരെയാണ് പദ്ധതി പ്രവർത്തിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ബിസിനസ് ഉടമകൾക്ക് ദുരുപയോഗം ചെയ്യാവുന്ന ട്രസ്റ്റ് അധിഷ്ഠിത നികുതി പദ്ധതിയാണ് സംഘം പ്രചരിപ്പിക്കുകയും വിൽക്കുകയും ചെയ്തത്. ബിസിനസിൽ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗത്തിനും നികുതി ഒഴിവാക്കിക്കൊണ്ടുതന്നെ പണത്തിന്റെ നിയന്ത്രണം ഉപഭോക്താക്കൾക്ക് നിലനിർത്താമെന്നായിരുന്നു പദ്ധതിയുടെ വാഗ്ദാനം. സെമിനാറുകൾ, വെബിനാറുകൾ, പോഡ്കാസ്റ്റുകൾ, നേരിട്ടുള്ള വിൽപ്പന പ്രചാരണങ്ങൾ എന്നിവയിലൂടെയാണ് പദ്ധതി രാജ്യവ്യാപകമായി പ്രചരിപ്പിച്ചത്.

ഒന്നും സ്വന്തമാക്കാതെ എല്ലാം നിയന്ത്രിക്കാം എന്ന തരത്തിലുള്ള വാഗ്ദാനത്തോടെയാണ് നികുതി പദ്ധതി ഉപഭോക്താക്കൾക്ക് വിറ്റിരുന്നതെന്ന് കോടതി രേഖകളും കോടതിയിലെ മൊഴികളും വ്യക്തമാക്കുന്നു. ട്രസ്റ്റ് പാക്കേജുകൾക്കായി സാധാരണയായി 25,000 മുതൽ 55,000 ഡോളർ വരെയാണ് ഈടാക്കിയിരുന്നത്. ചിലരിൽനിന്ന് 2.25 ലക്ഷം ഡോളർ വരെ ഫീസ് ആവശ്യപ്പെട്ടിരുന്നു. വരുമാനത്തിന്റെ ഏകദേശം 98 ശതമാനവും വിവിധ ട്രസ്റ്റുകളിലൂടെയും സ്വകാര്യ കുടുംബ ഫൗണ്ടേഷനിലൂടെയും കൈമാറുന്ന തരത്തിൽ ബിസിനസുകൾ പുനഃസംഘടിപ്പിക്കാൻ ശുക്ല ഉപഭോക്താക്കളോട് നിർദേശിച്ചു. ഇൻറേണൽ റവന്യൂ സർവീസായ ഐആർഎസിൽനിന്ന് വരുമാനം മറച്ചുവെക്കുന്നതിനൊപ്പം പണം തുടർന്നും ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്ന തരത്തിലായിരുന്നു പദ്ധതി രൂപകൽപ്പന ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.

വ്യക്തിഗത ചെലവുകൾ ബിസിനസ് ചെലവുകളായി കാണിച്ച് നികുതി ഇളവ് നേടാനും പദ്ധതി ഉപഭോക്താക്കളെ പ്രോത്സാഹിപ്പിച്ചു. വാഹനങ്ങൾ, വിനോദച്ചെലവുകൾ, ഭവനവായ്പ തിരിച്ചടവ് തുടങ്ങിയ ചെലവുകൾ ട്രസ്റ്റ് അക്കൗണ്ടുകളിൽനിന്ന് നൽകാൻ ശുക്ല നിർദേശിച്ചിരുന്നതായും അധികൃതർ പറഞ്ഞു. ശുക്ല പദ്ധതിയുടെ പ്രചാരകൻ മാത്രമായിരുന്നില്ലെന്നും അദ്ദേഹം തന്നെ ഈ നികുതി പദ്ധതി ഉപയോഗിച്ചിരുന്നതായും നീതിന്യായ വകുപ്പ് വ്യക്തമാക്കി. ട്രസ്റ്റ് രേഖകൾ തയ്യാറാക്കുകയും പദ്ധതിയുടെ പ്രചാരകരായി പ്രവർത്തിക്കാൻ മറ്റുള്ളവർക്ക് പരിശീലനം നൽകുകയും പദ്ധതിയിൽ പങ്കെടുക്കുമെന്ന് അറിയാവുന്ന നികുതി തയ്യാറാക്കുന്നവരിലേക്ക് ഉപഭോക്താക്കളെ എത്തിക്കുകയും ചെയ്തു.

ഇതുവഴി ഐആർഎസിൽനിന്ന് 27 മില്യൺ ഡോളറിലധികം വരുമാനം മറച്ചുവെക്കാൻ ശുക്ല സഹായിച്ചതായാണ് പ്രോസിക്യൂഷന്റെ കണ്ടെത്തൽ. ഇത് ഏകദേശം 258 കോടി രൂപ വരും.നിയമപരമായ നികുതി ആസൂത്രണ സംവിധാനത്തിന് പകരം ദുരുപയോഗം ചെയ്യപ്പെട്ട നികുതി അഭയപദ്ധതിയായാണ് ഈ സംവിധാനത്തെ പ്രോസിക്യൂട്ടർമാർ വിശേഷിപ്പിച്ചത്. ഉപഭോക്താക്കളെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിലും അവരുടെ ബിസിനസുകളിൽ പദ്ധതി നടപ്പാക്കാൻ സഹായിക്കുന്നതിലും ശുക്ല പ്രധാന പങ്കുവഹിച്ചു. മാർച്ച് 10ന് അമേരിക്കയെ വഞ്ചിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു കുറ്റം ശുക്ല സമ്മതിച്ചിരുന്നു.

ഐആർഎസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് കേസ് അന്വേഷിച്ചത്. നീതിന്യായ വകുപ്പിന്റെ നാഷണൽ ഫ്രോഡ് എൻഫോഴ്‌സ്‌മെന്റ് ഡിവിഷനിലെ ടാക്സ് വിഭാഗമാണ് കേസ് പ്രോസിക്യൂട്ട് ചെയ്തത്. അമേരിക്കക്കാർക്കെതിരായ തട്ടിപ്പുകൾ അന്വേഷിക്കുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുന്നതിലാണ് പുതുതായി രൂപീകരിച്ച നാഷണൽ ഫ്രോഡ് എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. ഫെഡറൽ പദ്ധതികളിലെ തട്ടിപ്പ്, പാഴ്‌ചെലവ്, ദുരുപയോഗം എന്നിവ തടയാനുള്ള ഭരണകൂടത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഏപ്രിൽ 7ന് വിഭാഗം പ്രഖ്യാപിച്ചത്.

Indian-origin man sentenced to 5 years for Rs 258-crore tax fraud scheme in US

More Stories from this section

family-dental
witywide