റിപ്പബ്ലിക്കൻമാർ ജയിച്ചാൽ ഓരോ അമേരിക്കക്കാരനും 5,000 ഡോളർ; പണം എങ്ങനെ നൽകുമെന്ന് വ്യക്തമാക്കി ട്രംപിന്റെ സഹായി

വാഷിങ്ടൺ: നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധിസഭയിലും സെനറ്റിലും വിജയിച്ചാൽ അമേരിക്കയിലെ ഓരോ മുതിർന്ന പൗരനും 5,000 ഡോളർ വീതം നൽകുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ചർച്ചയാകുന്നു. പദ്ധതിക്കുള്ള പണം നികുതി വരുമാനത്തിൽ നിന്നായിരിക്കില്ലെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക് വ്യക്തമാക്കി.

സമ്പന്നരായ വിദേശ സന്ദർശകർക്ക് യുഎസ് വിസ നീട്ടുന്നതിനായി 50 ലക്ഷം ഡോളർ വരെ ഈടാക്കുന്ന പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ഇതിനായി ഉപയോഗിക്കാമെന്നാണ് ലട്ട്നിക് പറഞ്ഞത്. ഒരു ലക്ഷത്തിലധികം പേർ ഇതിനായി കാത്തിരിക്കുന്നുണ്ടെന്നും പദ്ധതിയിലൂടെ ഏകദേശം 500 ബില്യൺ ഡോളർ ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്ക്.

ഇന്റൽ കമ്പനിയിൽ യുഎസ് സർക്കാർ നടത്തിയ 8.9 ബില്യൺ ഡോളറിന്റെ നിക്ഷേപവും ലട്ട്നിക് ഉദാഹരണമായി ചൂണ്ടിക്കാട്ടി. നിക്ഷേപത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി വില ഉയർന്നതായും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് ട്രംപ് 5,000 ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ചത്. പണം അമേരിക്കയിൽ തന്നെ ചെലവഴിക്കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു. താരിഫുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പദ്ധതിക്ക് ഉപയോഗിക്കാമെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഈ സാധ്യതയെ പിന്തുണച്ചു.

എന്നാൽ പദ്ധതി നടപ്പാക്കാൻ വലിയ തുക ആവശ്യമായി വരും. യുഎസിൽ ഏകദേശം 27 കോടി മുതിർന്നവർ ഉള്ളതിനാൽ ഓരോരുത്തർക്കും 5,000 ഡോളർ വീതം നൽകിയാൽ ഏകദേശം 1.3 ട്രില്യൺ ഡോളർ ചെലവാകും. 40 ട്രില്യൺ ഡോളർ പിന്നിട്ട ദേശീയ കടത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയെക്കുറിച്ച് ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്.

പദ്ധതി നടപ്പാക്കാൻ കോൺഗ്രസിലെ ‘റിക്കൺസിലിയേഷൻ’ നടപടിക്രമം പരിഗണിക്കുന്നതായി നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസറ്റ് പറഞ്ഞു. എന്നാൽ താരിഫ് വരുമാനം ഇത്രയും വലിയ തുക നൽകാൻ മതിയാകുമോയെന്നതിൽ വ്യക്തതയില്ല. ട്രംപിന്റെ ‘ലിബറേഷൻ ഡേ’ താരിഫുകളിൽ നിന്നുള്ള വരുമാനം തിരികെ നൽകണമെന്ന് യുഎസ് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. താരിഫ് വരുമാനം ഉപയോഗിച്ച് നികുതിദായകർക്ക് 2,000 ഡോളർ വീതം നൽകാനുള്ള ട്രംപിന്റെ മുൻ നിർദേശവും നടപ്പായിട്ടില്ല. ആ പദ്ധതിക്ക് പോലും താരിഫിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വരുമായിരുന്നുവെന്ന് ടാക്സ് ഫൗണ്ടേഷൻ വ്യക്തമാക്കിയിരുന്നു.

നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നിയന്ത്രണം നിലനിർത്താനാണ് റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുന്നത്. അതേസമയം, ട്രംപിന്റെ സാമ്പത്തിക നയങ്ങളെ അംഗീകരിക്കുന്ന അമേരിക്കൻ മുതിർന്നവരുടെ എണ്ണം 32 ശതമാനമായി കുറഞ്ഞതായി അസോസിയേറ്റഡ് പ്രസ് സർവേ വ്യക്തമാക്കുന്നു. 5,000 ഡോളർ നൽകുമെന്ന പ്രഖ്യാപനത്തെ ഡെമോക്രാറ്റുകൾ “വെറും വാഗ്ദാനം” എന്ന് വിമർശിച്ചു. പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിലും ചോദ്യങ്ങൾ തുടരുകയാണ്.

Trump says he will give every US adult $5,000 if GOP wins in mid-terms; his aide reveals how

More Stories from this section

family-dental
witywide