വെനിസ്വേലയ്ക്ക് അന്താരാഷ്ട്ര സഹായ പ്രവാഹം; രക്ഷാപ്രവർത്തകരെ അയക്കാൻ യുഎസും ലാറ്റിനമേരിക്കൻ രാജ്യങ്ങളും, ട്രംപിന് നന്ദി പറഞ്ഞ് ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ്

കാരക്കാസ്: വെനിസ്വേല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയിൽ അടിയന്തര സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും പ്രമുഖ ലാറ്റിനമേരിക്കൻ രാജ്യങ്ങളും രംഗത്ത്. തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള പ്രത്യേക സംഘങ്ങളെയും മെഡിക്കൽ-മാനവിക സഹായ സാമഗ്രികളും യുഎസ് ഉടൻ വെനിസ്വേലയിലേക്ക് അയക്കുമെന്ന് വിദേശ സഹായത്തിനായുള്ള സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ജെറമി ലെവിൻ അറിയിച്ചു. നിലവിലെ ഇടക്കാല വെനിസ്വേലൻ ഗവൺമെൻ്റുമായി ചേർന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ദുരന്ത നിവാരണ സംഘം ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ദുരന്തമുഖത്തുള്ള വെനിസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയൽരാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തലസ്ഥാനമായ കാരക്കാസിലേക്ക് തിരിക്കാൻ സന്നദ്ധരായ 300 രക്ഷാപ്രവർത്തകരെയും 50 ടൺ അത്യാധുനിക ഉപകരണങ്ങളും സജ്ജമാക്കിയതായി എൽ സാൽവദോർ പ്രസിഡൻ്റ് നയീബ് ബുക്കലെ അറിയിച്ചു. അടിയന്തര സഹായങ്ങൾ ഉടൻ വെനിസ്വേലയിൽ എത്തിക്കുമെന്ന് ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നോബോവ അസിനും വ്യക്തമാക്കി. തങ്ങളുടെ “സഹോദര രാഷ്ട്രത്തിന്” ആവശ്യമായ മറ്റ് സഹായ നടപടികളെക്കുറിച്ച് ഉന്നതതല വിലയിരുത്തൽ നടത്തുകയാണെന്ന് ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലൂല ഡാ സിൽവ പറഞ്ഞു. കൂടാതെ, വെനിസ്വേലയ്ക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും മെക്സിക്കൻ വിദേശകാര്യ സെക്രട്ടറി റോബർട്ടോ വെലാസ്കോ അൽവാരസ് വാഗ്ദാനം ചെയ്തു.

അമേരിക്കൻ പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഡെൽസി റോഡ്രിഗസ്

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വെനിസ്വേലൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് വെനിസ്വേലയുടെ ഇടക്കാല പ്രസിഡൻ്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. യുഎസ് നൽകുന്ന പിന്തുണയ്ക്ക് ഫേസ്ബുക്കിലൂടെ അവർ പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.

വെനിസ്വേലയെ സഹായിക്കാൻ യുഎസ് ഭരണകൂടം എല്ലാവിധത്തിലും സന്നദ്ധമാണെന്നും, എത്രയും വേഗം നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് പുറമെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിലി പ്രസിഡൻ്റ് ജോസ് അൻ്റോണിയോ കാസ്റ്റ് എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കൾ നൽകിയ പിന്തുണയ്ക്കും റോഡ്രിഗസ് നന്ദി അറിയിച്ചു.

International aid flows to Venezuela; US and Latin American countries to send rescue workers, Interim President Delcy Rodriguez thanks Trump

More Stories from this section

family-dental
witywide