ഇറാനിൽ വധശിക്ഷ തുടരുന്നു; പ്രക്ഷോഭകാരി ഉൾപ്പെടെ രണ്ടുപേരെ ഈ വാരന്ത്യത്തിൽ തൂക്കിലേറ്റി, അന്താരാഷ്ട്ര തലത്തിൽ കനത്ത പ്രതിഷേധം

ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരടക്കം രണ്ടുപേരെ ഈ വാരാന്ത്യത്തിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരിയിൽ ഇസ്ഫഹാൻ നഗരത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പൊതുമുതൽ നശിപ്പിക്കുകയും അക്രമാസക്തമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു എന്നാരോപിച്ച് ഇർഫാൻ കിയാനിയെ ശനിയാഴ്ച തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഈ വിവരം പുറത്തുവിട്ടത്.

ഇന്ന് പുലർച്ചെ ആമിർ രമേഷ് എന്നയാളുടെ വധശിക്ഷയും നടപ്പിലാക്കി. സൈനിക സേനയ്‌ക്കെതിരെ ബോംബാക്രമണങ്ങൾക്കും പതിയിരുന്നുള്ള ആക്രമണങ്ങൾക്കും നേതൃത്വം നൽകിയെന്നും ‘ജെയ്‌ഷ് അൽ-അദൽ’ എന്ന വിഘടനവാദി ഗ്രൂപ്പിൽ അംഗമാണെന്നും ആരോപിച്ചാണ് ഇയാൾക്കെതിരെ ശിക്ഷ നടപ്പിലാക്കിയതെന്ന് ജുഡീഷ്യറിയുമായി ബന്ധപ്പെട്ട മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഈയാഴ്ച ആദ്യം നാലുപേരെ ഇറാൻ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതേസമയം, പ്രതിഷേധങ്ങളിൽ പങ്കെടുത്ത എട്ട് സ്ത്രീകളുടെ വധശിക്ഷ താൻ ഇറാൻ ഭരണകൂടവുമായി നേരിട്ട് സംസാരിച്ച് തടഞ്ഞതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു എന്ന ട്രംപിന്റെ വാദം ഇറാൻ തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര തലത്തിൽ കനത്ത പ്രതിഷേധം നിലനിൽക്കെയാണ് ഇറാൻ വധശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുന്നത്.

More Stories from this section

family-dental
witywide