വിട്ടുകൊടുക്കാതെ ഇറാനും, യുഎസ് വ്യോമതാവളത്തിന് നേരെ പ്രത്യാക്രമണം; കുവൈത്തിലും മിസൈൽ ഭീതി, കനത്ത ജാഗ്രത

ദുബായ്: ഇറാനിലെ സൈനിക കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇറാൻ. മേഖലയിലെ പ്രധാന യുഎസ് വ്യോമതാവളം ലക്ഷ്യമിട്ട് വ്യാഴാഴ്ച പുലർച്ചെയോടെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ പ്രത്യാക്രമണ വാർത്ത പുറത്തുവിട്ടത്.

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാണെന്ന് ആരോപിച്ച്, ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസിന് സമീപമുള്ള ഡ്രോൺ താവളത്തിന് നേരെ അമേരിക്ക നേരത്തെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് വ്യാഴാഴ്ച പുലർച്ചെ 4:50-ഓടെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് അമേരിക്കൻ വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ വർഷിച്ചതെന്ന് പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ അമേരിക്കൻ പ്രകോപനങ്ങൾ ഉണ്ടായാൽ ഇതിലും ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ്റെ സൈനിക നീക്കത്തിന് പിന്നാലെ അയൽരാജ്യമായ കുവൈത്തിലും കനത്ത മിസൈൽ-ഡ്രോൺ ഭീതി ഉയർന്നു. ശത്രുക്കളുടെ വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് കുവൈത്ത് സൈന്യം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കുകയും ചെയ്തു.

കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനം വഴി തകർത്തപ്പോൾ ഉണ്ടായ ശബ്ദമാണിതെന്ന് കുവൈത്ത് സൈനിക വക്താക്കൾ സ്ഥിരീകരിച്ചു. പ്രധാന അമേരിക്കൻ സൈനിക താവളമായ ‘അലി അൽ സലേം’ കുവൈത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ, ഇവിടം ലക്ഷ്യമാക്കിയാണ് ഇറാൻ്റെ ഡ്രോണുകൾ എത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.

ഖത്തറിൻ്റെയും പാകിസ്താൻ്റെയും മധ്യസ്ഥതയിൽ യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന പുതിയ സംഭവവികാസങ്ങൾ.

Iran retaliates against US airbase without giving in; Kuwait also on high alert over missile threat

More Stories from this section

family-dental
witywide