ട്രംപിൻ്റെ ഭീഷണി യാഥാർത്ഥ്യമായി; രണ്ടാമത്തെ രാത്രിയും ഇറാനെ നടുക്കി യുഎസ് സൈനിക നീക്കം; തുറമുഖ നഗരങ്ങളിൽ കടുത്ത സ്ഫോടനങ്ങൾ

വാഷിംഗ്ടൺ/ടെഹ്റാൻ: അന്താരാഷ്ട്ര കപ്പൽപ്പാതയിലെ സുരക്ഷ മുൻനിർത്തി ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി രണ്ടാമത്തെ രാത്രിയും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന. വ്യാഴാഴ്ച രാത്രി ഇറാന് നേർക്ക് യുഎസ് കടുത്ത ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കം. ഹോർമോസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേർക്ക് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് ഈ നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നത്.

തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ സിരിക്, ബന്ദർ അബ്ബാസ്, ചാബഹാർ, ബുഷെഹർ, കോനാരക് എന്നിവിടങ്ങളിലെ സൈനിക താവളങ്ങളിലാണ് യുഎസ് ബോംബർ വിമാനങ്ങൾ കടുത്ത ആക്രമണം നടത്തിയത്. ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കോസ്റ്റൽ റഡാർ കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ ലോഞ്ചറുകൾ, റവല്യൂഷണറി ഗാർഡിൻ്റെ (ഐആർജിസി) ചെറു ബോട്ടുകൾ എന്നിവ തകർക്കുക എന്നതായിരുന്നു യുഎസ് ലക്ഷ്യം.

കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക ധാരണാപത്രം ഇറാൻ ലംഘിച്ചതായി യുഎസ് ആരോപിച്ചു. ഹോർമോസ് കടലിടുക്കിലൂടെ കടന്നുപോയ ഖത്തറിൻ്റെ എൽഎൻജി ടാങ്കർ ഉൾപ്പെടെ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണം. ഇതോടെ ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച പ്രസിഡൻ്റ് ട്രംപ്, “ഇനിയും ആക്രമണം ഉണ്ടായാൽ കാര്യങ്ങൾ കൂടുതൽ വഷളാകും” എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക നീക്കത്തിന് പുറമെ ഇറാനിൽ നിന്നുള്ള എണ്ണ വില്പനയ്ക്കായി നൽകിയിരുന്ന പ്രത്യേക ഇളവുകൾ യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, അമേരിക്കൻ ആക്രമണത്തിന് മറുപടിയായി കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇന്നലെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. ഇതേത്തുടർന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ രാജ്യാന്തര വിപണിയിൽ എണ്ണവില വർദ്ധിക്കുമെന്ന ആശങ്കയും ശക്തമാണ്.

അതേസമയം ഇറാനുമായുള്ള ഈ സംഘർഷം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി ഒരു പൂർണ്ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

Trump’s threat came true; US military action shakes Iran for the second night; heavy explosions

More Stories from this section

family-dental
witywide