യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്: ഇറാനിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു; ഖമേനിയുടെ വിലാപയാത്രയ്ക്ക് എത്തുന്നവർ ദുരിതത്തിൽ, സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ഇറാനിലെ മഷ്ഹദില്‍

ടെഹ്‌റാൻ: ഇറാൻ്റെ അന്തരിച്ച പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ജന്മനാടായ മഷാദിലേക്ക് തിരികെ പോകുന്ന ജനങ്ങൾ കടുത്ത യാത്രാതടസ്സം നേരിടുന്നതായി റിപ്പോർട്ട്. ടെഹ്‌റാനും മഷാദിനും ഇടയിലുള്ള പ്രധാന റെയിൽവേ പാലത്തിന് നേരെ യുഎസ് ആക്രമണം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു.

ഇറാൻ്റെ വടക്കുകിഴക്കൻ മേഖലയിലുള്ള പുണ്യനഗരമായ മഷാദിലാണ് ഖമേനിയുടെ വിലാപയാത്ര ചടങ്ങുകൾ സമാപിക്കുന്നത്. ഖമേനിയുടെ സംസ്‌കാര ചടങ്ങുകളുടെ പ്രാധാന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വടക്കൻ ഇറാൻ്റെ ഗോലെസ്താൻ പ്രവിശ്യയിലുള്ള അഖ്ഖല റെയിൽവേ പാലത്തിന് നേരെ യുഎസ് വ്യോമാക്രമണം നടത്തിയതെന്ന് ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. തകർന്ന പാലത്തിൻ്റെ ദൃശ്യങ്ങൾ രാജ്യാന്തര മാധ്യമമായ സിഎൻഎൻ സ്ഥിരീകരിച്ചിട്ടുണ്ട്.

റെയിൽവേ പാലത്തിനുണ്ടായ കേടുപാടുകൾ തീർത്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റെയിൽവേസ് അറിയിച്ചു. ട്രെയിൻ സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ തീർത്ഥാടകരെയും മറ്റ് യാത്രക്കാരെയും റോഡ് മാർഗ്ഗം മഷാദിൽ എത്തിക്കാനുള്ള ബദൽ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കുന്നുണ്ട്.

അതേസമയം, റെയിൽവേ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം യുഎസ് ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. ഇറാൻ്റെ തീരപ്രദേശങ്ങളിലെ 90 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചെങ്കിലും, ഈ റെയിൽവേ പാലത്തെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ പ്രതികരണത്തിന് യുഎസ് തയാറായിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 28-ന് യു എസും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും, നിലവില്‍ ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേല്‍ക്കുകയും ചെയ്ത മകൻ മുജ്തബ ഖമനയി പൊതുവേദികളില്‍ നിന്നെല്ലാം വിട്ടുനിന്ന് ഒളിവില്‍ തുടരുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ഇന്നത്തെ സംസ്കാരച്ചടങ്ങിലും മുജ്തബ പങ്കെടുക്കില്ലെന്നാണ് വിവരം.

Reported US attack: Train services disrupted in Iran; Those attending Khamenei’s funeral procession in distress, funeral ceremonies to be held in Mashhad, Iran today

More Stories from this section

family-dental
witywide