ഖമേനിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ യാത്രയയപ്പ് നൽകാൻ ഇറാൻ; വൻ സുരക്ഷാ ക്രമീകരണങ്ങളോടെ വിപുലമായ ഒരുക്കങ്ങൾ

ടെഹ്‌റാൻ: അമേരിക്ക – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം സംസ്‌കരിക്കുന്നതിനായി രാജ്യം വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെക്കാലം രാജ്യത്തെ നയിച്ച നേതാവിന് ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക യാത്രയയപ്പ് നൽകാനാണ് ഇറാൻ ഭരണകൂടം ലക്ഷ്യമിടുന്നത്.

സംസ്‌കാര ചടങ്ങുകളുടെ ആസൂത്രണത്തിനും സുഗമമായ നടത്തിപ്പിനുമായി സർക്കാർ പ്രത്യേക ആസ്ഥാനം രൂപീകരിച്ചിട്ടുണ്ട്. വിവിധ സർക്കാർ മന്ത്രാലയങ്ങളും സുരക്ഷാ ഏജൻസികളും സംയുക്തമായാണ് ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. ചടങ്ങുകളിൽ കോടിക്കണക്കിന് ജനങ്ങൾ പങ്കാളികളാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതു കണക്കിലെടുത്ത് ടെഹ്‌റാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളും വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള തയാറെടുപ്പുകളുമാണ് അണിയറയിൽ ഒരുങ്ങുന്നത്.

കഴിഞ്ഞ ഫെബ്രുവരി 28-നാണ് ടെഹ്‌റാനിലെ ഓഫീസ് സമുച്ചയത്തിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇറാൻ്റെ പ്രതിരോധമന്ത്രി അസീസ് നസീർസാദ ഉൾപ്പെടെയുള്ള മുതിർന്ന സൈനിക കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് അമേരിക്കയും ഇസ്രയേലുമായി ഉണ്ടായ കടുത്ത യുദ്ധസാഹചര്യമാണ് സംസ്‌കാര ചടങ്ങുകൾ ഇത്രയും നാൾ വൈകാൻ കാരണമായത്. ഏപ്രിലിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിനെത്തുടർന്നാണ് ഇപ്പോൾ ഔദ്യോഗിക ചടങ്ങുകൾക്കുള്ള വഴിതെളിഞ്ഞത്. ചടങ്ങുകൾ നടക്കുന്ന കൃത്യമായ തീയതി ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ അലി ഖമേനിയുടെ മകൻ മുജ്തബ ഖമേനിയാണ് ഇറാൻ്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റിട്ടുള്ളത്.

Iran to give Khamenei the biggest send-off in history; Extensive preparations with heavy security arrangements

More Stories from this section

family-dental
witywide