
ടെഹ്റാൻ: ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ മൃതദേഹം ഖ്വോമിൽ ഖബറടക്കിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഇറാൻ്റെ ഫ്യൂണറൽ കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു. ഖമേനിയുടെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇതുവരെ സംസ്കരിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
മതപരവും നിയമപരവുമായ എല്ലാവിധ മാനദണ്ഡങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ട് നിലവിൽ മൃതദേഹങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖബറടക്കവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും ജനങ്ങൾ വിശ്വസിക്കരുതെന്നും ഫ്യൂണറൽ കമ്മിറ്റി അഭ്യർത്ഥിച്ചു.
ആയത്തുള്ള അലി ഖമേനിയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത് 2026 ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ്. ഈ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ വസതി പൂർണ്ണമായി തകരുകയും ഖമേനിക്കൊപ്പംചില കുടുംബാംഗങ്ങളും കൊല്ലപ്പെടുകയും ചെയ്തു. ഖമേനിയുടെ മകൾ (ബുഷ്റ ഖമേനി), മരുമകൻ (മെസ്ബ ഹ ബഗേരി കാനി), പേരക്കുട്ടി (സഹ്‌റ മുഹമ്മദി ഗോൽപയേഗാനി), മരുമകൾ (സഹ്‌റ ഹദ്ദാദ്-ആദൽ) എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. (അദ്ദേഹത്തിൻ്റെ ഭാര്യ മൻസൂറെ ഖൊജസ്തേ മരിച്ചതായി ആദ്യം വാർത്തകൾ വന്നെങ്കിലും അവർ ജീവിച്ചിരിപ്പുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ മരണം നടന്നിട്ടും മാസങ്ങളോളം മൃതദേഹങ്ങൾ ഖബറടക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിശുദ്ധ മാസമായ മുഹറത്തിലെ ആദ്യ പത്ത് ദിവസങ്ങളിലെ ചടങ്ങുകളും ആശൂറയും ജനങ്ങൾക്ക് തടസ്സമില്ലാതെ പൂർത്തിയാക്കാൻ വേണ്ടിയാണ് സംസ്കാര ചടങ്ങുകൾ ഇറാൻ്റെ ഔദ്യോഗിക ഫ്യൂണറൽ കമ്മിറ്റി ജൂലൈ മാസത്തിലേക്ക് മാറ്റിവെച്ചത്. ജൂലൈ 9ന് ഖമേനിയുടെ ജന്മനാടായ മഷ്ഹദിലെ പ്രശസ്തമായ ഇമാം റെസാ മഖ്ബറയിലാണ് അന്തിമ ഖബറടക്കം. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
Khamenei’s body has not been buried yet; Iran’s funeral committee denies rumors















