ഖമേനിക്കായ് കണ്ണീരണിഞ്ഞ് ഇറാൻ, വിലാപയാത്ര തുടങ്ങി; ടെഹ്‌റാനിൽ പൊട്ടിക്കരഞ്ഞ് അബ്ബാസ് അരാഗ്ചിയും സ്പീക്കറും

ടെഹ്‌റാൻ: യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷം ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള ഔദ്യോഗിക വിലാപയാത്രയ്ക്ക് തുടക്കമായി. വെള്ളിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ ഇറാൻ്റെ ഉന്നത ഭരണാധികാരികൾ ദുഃഖം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയും പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഖമേനിയുടെ ശവപ്പെട്ടിക്കു മുന്നിൽ വികാരാധീനരായി കണ്ണീർ വാർക്കുന്ന ദൃശ്യങ്ങൾ ഇറാൻ്റെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ടു.

ഫെബ്രുവരി 28-നുണ്ടായ ആക്രമണത്തിലാണ് 37 വർഷത്തോളം ഇറാനെ നയിച്ച അലി ഖമേനിയും മകൾ, മരുമകൻ, ചെറുമകൾ അടക്കമുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ യുദ്ധ സാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും കാരണമാണ് ഇസ്‌ലാമിക ആചാരപ്രകാരം 24 മണിക്കൂറിനുള്ളിൽ നടത്തേണ്ടിയിരുന്ന സംസ്‌കാര ചടങ്ങുകൾ മാസങ്ങളോളം നീണ്ടുപോയത്. കഴിഞ്ഞ മാസം ഇരുവിഭാഗങ്ങളും താൽക്കാലിക വെടിനിർത്തലിൽ എത്തിയതോടെയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിടവാങ്ങൽ ചടങ്ങുകൾക്ക് ഇറാൻ രൂപം നൽകിയത്.

ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, മറ്റ് പ്രമുഖ നേതാക്കൾ, ഉയർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ ആദരവ് അർപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ച പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രാർത്ഥനാ ഹാളിലും പരിസരത്തുമായി തടിച്ചുകൂടിയത്. പരമ്പരാഗത ഷിയാ ആചാരപ്രകാരം നെഞ്ചത്തടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ജനങ്ങൾ തങ്ങളുടെ നേതാവിന് വിട നൽകിയത്. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റതായി പറയപ്പെടുന്ന ഖമേനിയുടെ മകനും പിൻഗാമിയുമായ മൊജ്തബ ഖമേനി സുരക്ഷാ കാരണങ്ങളാൽ പൊതുചടങ്ങിൽ നിന്ന് വിട്ടുനിന്നു.

അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ചടങ്ങുകൾക്കായി ടെഹ്‌റാനിൽ ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഭൗതികശരീരം ഇറാനിലെ കോം, ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കർബല എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെക്കും. ജൂലൈ 9-ന് മഷാദിലെ ഇമാം റെസ മസ്ജിദിന് സമീപമായിരിക്കും ഖബറടക്കം.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരടങ്ങുന്ന ഇന്ത്യൻ പ്രതിനിധി സംഘവും ആദരാഞ്ജലി അർപ്പിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി ഉന്നത നേതാക്കളും ടെഹ്‌റാനിൽ എത്തിയിട്ടുണ്ട്.

Iran begins mourning procession for Khamenei; Abbas Araghchi and speaker break down in tears in Tehran

More Stories from this section

family-dental
witywide