ഇറാനെതിരായ പോരാട്ടത്തിൽ കാലാവധി കഴിഞ്ഞ ആയുധങ്ങൾ ഉപയോഗിച്ച് യുഎസ് നാവികസേന; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥൻ

ഇറാനെതിരായ സൈനിക നീക്കത്തിനിടെ കാലാവധി കഴിഞ്ഞ ആയുധങ്ങൾ അമേരിക്കൻ നാവികസേന പുനരുപയോഗിച്ചതായി വെളിപ്പെടുത്തൽ. രാജ്യത്തിന്റെ ആയുധശേഖരം കടുത്ത സമ്മർദം നേരിടുന്നതിന്റെ സൂചനയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ചൊവ്വാഴ്ച സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുന്നിൽ നടന്ന ഹിയറിങ്ങിലാണ് ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോ ഇക്കാര്യം വ്യക്തമാക്കിയത്. വിലകൂടിയ കൃത്യതയാർന്ന ആയുധങ്ങളും കുറഞ്ഞ ചെലവിലുള്ള ആയുധങ്ങളും തമ്മിൽ നാവികസേന എങ്ങനെ സന്തുലിതാവസ്ഥ പാലിക്കുന്നുവെന്ന സെനറ്റർ ഡെബ് ഫിഷറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി ഉപയോഗിക്കുന്നതിനായി കാലാവധി കഴിഞ്ഞ ആയുധങ്ങൾ വീണ്ടും ഉപയോഗയോഗ്യമാക്കിയെന്നാണ് ഹങ് കാവോ വെളിപ്പെടുത്തിയത്. നേരത്തെ ഉപയോഗശൂന്യമായ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന ആയുധങ്ങളെ പ്രത്യേക പരിശോധനകൾക്കും പുനർനിർണയത്തിനും ശേഷം പുതിയ കോഡുകൾ നൽകി സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. പഴകിയ റൊട്ടിയിൽ അൽപം വെള്ളം തളിച്ച് മൈക്രോവേവിൽ 15 സെക്കൻഡ് ചൂടാക്കിയാൽ വീണ്ടും കഴിക്കാവുന്നതുപോലെയാണ് ഈ നടപടിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ എത്ര ആയുധങ്ങളാണ് ഇത്തരത്തിൽ ഉപയോഗിച്ചതെന്നോ ഏതൊക്കെ മിസൈൽ സംവിധാനങ്ങളാണ് ഇതിൽ ഉൾപ്പെട്ടതെന്നോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കാലാവധി കഴിഞ്ഞ ആയുധങ്ങൾ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത് വലിയ സുരക്ഷാ ഭീഷണികൾക്ക് കാരണമായേക്കാം. ദീർഘകാലം സൂക്ഷിക്കുമ്പോൾ മിസൈലുകളിലെ ഇന്ധനം, സ്ഫോടകവസ്തുക്കൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമത കുറയാൻ സാധ്യതയുണ്ട്. ഇത് ലക്ഷ്യം തെറ്റുന്നതിനും വിക്ഷേപണത്തിനിടെ പൊട്ടിത്തെറിക്കുന്നതിനും കാരണമാകാം. ലക്ഷ്യസ്ഥാനത്ത് പതിച്ചിട്ടും പൊട്ടിത്തെറിക്കാത്ത മിസൈലുകൾ പിന്നീട് അപകടസാധ്യത സൃഷ്ടിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.