
ടെഹ്റാൻ: രാജ്യം ഇപ്പോൾ കരുത്തിന്റെയും അന്തസ്സിന്റെയും ഘട്ടത്തിലായിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാനിലെ ഔദ്യോഗിക മാധ്യമമായ മീസാൻ ന്യൂസ് ഏജൻസിയും അർദ്ധ ഔദ്യോഗിക മാധ്യമമായ ഇസ്നയുമാണ് പ്രസിഡന്റിന്റെ ഈ പരാമർശം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. പോരാട്ടം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന പ്രസിഡന്റിന്റെ പ്രതികരണം പുറത്തുവരുമ്പോഴും, തങ്ങൾക്കെതിരെ ഉണ്ടാകുന്ന ഏത് തരത്തിലുള്ള പുതിയ ഭീഷണികൾക്കും ശക്തമായ രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്ന് ഇറാന്റെ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായി വ്യക്തമാക്കിയതിന് പിന്നാലെ, യുദ്ധം വീണ്ടും ആരംഭിക്കുകയാണെങ്കിൽ ഇതിലും കൂടുതൽ വിനാശകരമായ ആയുധങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.













