
ടെന്നസി: കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട വധശിക്ഷ നടപ്പാക്കൽ ശ്രമത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട കൊലക്കേസ് പ്രതി ക്രിസ്റ്റ പൈക്ക്, ആശുപത്രിയിൽ ഉണർന്നപ്പോൾ രോഷത്തിലും ആശയക്കുഴപ്പത്തിലുമായിരുന്നു എന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു.
ആശുപത്രിയിൽ ബോധം തെളിഞ്ഞയുടൻ “ഞാൻ എവിടെയാണ്?”, “നിങ്ങൾ ആരാണ്?” എന്നിവയായിരുന്നു അവർ ആദ്യം ചോദിച്ചതെന്ന് അഭിഭാഷകൻ റാൻഡി സ്പൈവി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1995-ൽ തന്റെ കാമുകനൊപ്പം ചേർന്ന് കൊളീൻ സ്ലെമ്മർ എന്ന 19 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ക്രിസ്റ്റ പിക്ക് (50). സെപ്റ്റംബർ 30-ന് ടെന്നസിയിൽ വെച്ച് രണ്ട് തവണ മാരകമായ വിഷവസ്തുക്കൾ ശരീരത്തിൽ കുത്തിവെച്ചിട്ടും അവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ മാരകമായ വിഷവസ്തു കുത്തിവെച്ചുള്ള വധശിക്ഷയിൽ നിന്ന് ഇത്തരത്തിൽ രക്ഷപ്പെടുന്നത്.
പരാജയപ്പെട്ട വധശിക്ഷാ ശ്രമവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സൂക്ഷിച്ചുവെക്കാൻ കോടതി ബുധനാഴ്ച ടെന്നസി അധികൃതർക്ക് ഉത്തരവ് നൽകി. നിലവിൽ അതീവ ഗുരുതരാവസ്ഥയിലുള്ള ക്രിസ്റ്റയുടെ കൈകളും കാലുകളും ആശുപത്രി കിടക്കയിൽ കെട്ടിയിട്ടിരിക്കുകയാണെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.
ആദ്യ ദിവസങ്ങളിൽ ക്രിസ്റ്റയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായിട്ടാണ് തങ്ങൾ കരുതിയിരുന്നതെന്നും, എപ്പോൾ വേണമെങ്കിലും ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റാൻ തയ്യാറെടുക്കുകയായിരുന്നു എന്നും സ്പൈവി പറഞ്ഞു. എന്നാൽ ചൊവ്വാഴ്ചയോടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ സംസാരിക്കാൻ തുടങ്ങി.
വധശിക്ഷാ ശ്രമത്തിനിടയിൽ തന്റെ കയ്യിലെ രക്തക്കുഴൽ കണ്ടെത്താൻ ക്രിസ്റ്റ വധശിക്ഷ നടപ്പാക്കുന്ന സംഘത്തെ സഹായിച്ചിരുന്നതായും, ആ സമയത്ത് അവർ തികച്ചും ശാന്തയായിരുന്നു എന്നും അഭിഭാഷകർ പറയുന്നു. എന്നാൽ പിന്നീട് ആശുപത്രിയിൽ ഉണർന്നപ്പോൾ തൊണ്ടയിൽ ട്യൂബുകളിട്ട നിലയിലും ചുറ്റും അപരിചിതരായ ആളുകളെയുമാണ് അവർ കണ്ടത്. നിലവിൽ അവരുടെ കൈകൾ രണ്ടും കടുത്ത രീതിയിൽ വീർത്തിരിക്കുകയാണ്.
തുടർച്ചയായി രണ്ട് തവണ ‘പെന്റോബാർബിറ്റൽ’ എന്ന മാരക രാസവസ്തു കുത്തിവെച്ചിട്ടും മരണം സംഭവിക്കാതിരുന്നതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. വിഷാംശം ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ദിവസങ്ങളോളം ഇവർ അബോധാവസ്ഥയിലായിരുന്നു. ശ്വാസകോശ വീക്കവും രക്തം കട്ടപിടിക്കുന്ന അവസ്ഥയും നേരിടുന്ന ക്രിസ്റ്റയ്ക്ക് നിലവിൽ ആഹാരം വിഴുങ്ങാൻ സാധിക്കുന്നില്ല. ഈ സംഭവം അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ലെന്ന് അഭിഭാഷകർ കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് ടെന്നസി ഗവർണർ ബിൽ ലീ ഈ വർഷത്തെ മറ്റെല്ലാ വധശിക്ഷകളും താൽക്കാലികമായി നിർത്തിവെക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സംസ്ഥാനത്തെ ജയിൽ മേധാവി ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിട്ടുണ്ട്.
1995-ൽ കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ക്രിസ്റ്റയ്ക്ക് 18 വയസ്സായിരുന്നു പ്രായം. കൂട്ടുപ്രതിയായ കാമുകൻ തടാരിയൽ ഷിപ്പിന് അന്ന് 17 വയസ്സ് മാത്രമായിരുന്നതിനാൽ പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യത്തിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോഴും ജയിലിൽ തുടരുകയാണ്.
Lawyer says christa is angry and confused upon regaining consciousness.















