ഇന്ത്യൻ വിദ്യാർത്ഥികളുടെ അമേരിക്കൻ സ്വപ്നങ്ങൾക്ക് തിരിച്ചടി; ഒപ്റ്റിക്കൽ പ്രാക്ടിക്കൽ ട്രെയിനിംഗിന് 70,000 ഡോളർ ഫീസ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: അമേരിക്കയിൽ പഠനം പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ ബിരുദധാരികൾക്ക് കനത്ത തിരിച്ചടിയുമായി ട്രംപ് ഭരണകൂടം. യു.എസ് സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഡിപ്ലോമയോടൊപ്പം ‘ഗ്രീൻ കാർഡും’ നൽകുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന ഡോണൾഡ് ട്രംപ്, ഇപ്പോൾ കടുത്ത കുടിയേറ്റ വിരുദ്ധ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വിദേശ വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി 70,000 ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) ഫീസ് ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ്.

അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് തയ്യാറാക്കിയ പുതിയ നിർദ്ദേശപ്രകാരം, ഒരു വിദേശ വിദ്യാർത്ഥിക്ക് ആദ്യമായി ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) അനുമതി ലഭിക്കുന്നതിന് സർവ്വകലാശാലകൾ 70,000 ഡോളർ ഫീസ് നൽകേണ്ടിവരും. കൂടാതെ, STEM (സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) ബിരുദധാരികൾക്ക് ലഭിക്കുന്ന 24 മാസത്തെ തൊഴിൽ കാലാവധി നീട്ടുന്നതിനായി 30,000 ഡോളർ കൂടി അധികം നൽകണം. ഇതോടെ മൊത്തം ഫീസ് 1,00,000 ഡോളറായി (ഏകദേശം 83 ലക്ഷം രൂപ) ഉയരും. നിലവിൽ ഈ നിർദ്ദേശം പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി സമർപ്പിച്ചിരിക്കുകയാണ്.

ഭാരം വിദ്യാർത്ഥികളിലേക്ക് എത്തിയേക്കാം

നിയമപരമായി ഈ തുക അടയ്ക്കേണ്ടത് സർവ്വകലാശാലകളാണെങ്കിലും, ഈ തുക വിദ്യാർത്ഥികളിൽ നിന്നോ അവർക്ക് ജോലി നൽകുന്ന സ്ഥാപനങ്ങളിൽ നിന്നോ ഈടാക്കാൻ സർവ്വകലാശാലകൾക്ക് അനുവാദമുണ്ട്. അതിനാൽ തന്നെ ഈ വൻ തുക ഒടുവിൽ വിദ്യാർത്ഥികളുടെ തലയിലാകാനാണ് സാധ്യത. ഫീസ് അടയ്ക്കാതെ യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാനുള്ള അനുമതി നൽകില്ല. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഒപിടി വഴിയാണ് അമേരിക്കൻ തൊഴിൽ വിപണിയിൽ പ്രവേശിച്ചത്.

ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?

അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളിൽ 31 ശതമാനവും ഇന്ത്യക്കാരാണ്. 2024-25 വർഷത്തിൽ മാത്രം 3.63 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിലെത്തിയത്. ഇതിൽ പകുതിയോളം പേർ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് തുടങ്ങിയ STEM കോഴ്സുകൾ പഠിക്കുന്നവരാണ്. പുതിയ നിയമം വരുന്നതോടെ, കനത്ത സാമ്പത്തിക ബാധ്യത ഭയന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയ്ക്ക് പകരം കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുണ്ട്.

അമേരിക്കൻ തൊഴിൽ വിപണിയിലേക്ക് വിദേശികൾ കടന്നുകൂടാനുള്ള ഒരു ‘പിൻവാതിൽ’ സംവിധാനമായി ഒപിടി മാറിയെന്നും, ഇത് സ്വദേശികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നു എന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, അമേരിക്കയിലെ STEM മേഖലയിലെ 22 ശതമാനത്തിലധികം തൊഴിലാളികളും വിദേശികളാണെന്നിരിക്കെ, ഈ നീക്കം അമേരിക്കൻ സാങ്കേതിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു

Setback for Indian students’ American dreams; Trump administration to impose a $70,000 fee for Optional Practical Training (OPT).

More Stories from this section

family-dental
witywide