
ബുഡാപെസ്റ്റ്: പടിഞ്ഞാറൻ ഏഷ്യയിൽ സംഘർഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ നയതന്ത്ര കാര്യാലയങ്ങൾ. പേർഷ്യൻ കടലിടുക്കിലൂടെയുള്ള യാത്രാ തടസ്സങ്ങളെ സൂചിപ്പിച്ച് ട്രംപിനെ ട്രോളുന്ന എഐ വീഡിയോകളാണ് ഇറാൻ ലോകവ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഹംഗറിയിലെ ഇറാനിയൻ എംബസി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 34 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പിൽ, ഇലോൺ മസ്കിൻ്റെ സൈബർട്രക്കിന് സമാനമായ ഒരു ചെറിയ വാഹനത്തിൽ ട്രംപ് പേർഷ്യൻ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതായി കാണാം. എന്നാൽ ഇടുങ്ങിയ വഴിയിൽ വാഹനം കുടുങ്ങുന്നതും പുറത്തുകടക്കാനാവാതെ ട്രംപ് ബുദ്ധിമുട്ടുന്നതുമാണ് വീഡിയോയുടെ പ്രമേയം. പ്രശസ്തമായ ‘ഓസ്റ്റിൻ പവേഴ്സ്’ സിനിമയിലെ ഒരു ഹാസ്യരംഗത്തെ ആസ്പദമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. എട്ട് ലക്ഷത്തിലധികം പേരാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വീഡിയോ കണ്ടത്.
Trump’s attempt to pass through the Strait of Hormu!🤭#StraitOfHormuz#PersianGulf pic.twitter.com/ycRF78vywV
— Iran Embassy Hungary (@IRANinHUNGARY) May 7, 2026
അടുത്ത കാലത്തായി ഇറാനിയൻ എംബസികൾ ഡിജിറ്റൽ ലോകത്ത് വളരെ സജീവമാണ്. വെറുമൊരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിന് പകരം ട്രോളുകളിലൂടെയും മീമുകളിലൂടെയും (Memes) ട്രംപിനെ ലക്ഷ്യം വെക്കുന്നത് ഇപ്പോൾ അവരുടെ ഒരു സ്ഥിരം ശൈലിയായി മാറിയിട്ടുണ്ട്. ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇറാൻ ഇപ്പോൾ ‘ട്രോൾ’ രീതിയാണ് ഉപയോഗിക്കുന്നത്. സാധാരണ നയതന്ത്ര ചർച്ചകളേക്കാൾ വേഗത്തിൽ ഇത്തരം മീമുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രംപിൻ്റെ വിചിത്രമായ ഭാവങ്ങളും വീഡിയോകളും നിർമ്മിക്കാൻ ഇറാൻ വ്യാപകമായി എഐ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ, ഹംഗറി, റഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഇറാനിയൻ മിഷനുകൾ ഒരേസമയം ഇത്തരത്തിൽ ട്രോളുകൾ പങ്കുവെക്കുന്നു. ഇന്ത്യയെ നരകം എന്ന് വിശേഷിപ്പിച്ചുള്ള ട്രംപിൻ്റെ മോശം പരാമർശങ്ങളെ ഇന്ത്യയിലെ ഇറാൻ കോൺസുലേറ്റ് എതിർത്തത് വലിയ വാർത്തയായിരുന്നു. ട്രംപിന് ‘കൾച്ചറൽ ഡിറ്റോക്സ്’ (സാംസ്കാരിക ശുദ്ധീകരണം) വേണമെന്ന അവരുടെ പരിഹാസം ഇന്ത്യൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിലും വലിയ ചർച്ചയായി.
Iran’s Trump gets ‘troll rain’; AI video of Trump driving a Cybertruck in circles goes viral!












