ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരം; വെളിപ്പെടുത്തലുമായി ഗൺമാൻ, കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ച കേസിൽ വൻ തിരിമറി. സമരക്കാർ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന ആദ്യ മൊഴി നൽകിയത് മുൻ മന്ത്രി വീണാ ജോർജിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നുവെന്ന് ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇതോടെ കേസിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കേസ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലാണ് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ അഭിലാഷ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. സംഭവദിവസം കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും, മന്ത്രി ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് റെയിൽവേ പൊലീസിന് അത്തരമൊരു മൊഴി നൽകേണ്ടി വന്നതെന്നും അഭിലാഷ് തുറന്നുപറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരി 25-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അന്നത്തെ മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗൺമാന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് 16 ദിവസത്തോളം ജയിലിൽ റിമാൻഡിൽ കഴിയേണ്ടി വന്നിരുന്നു.

സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും സമരക്കാരുടെ പക്കൽ ആയുധം ഉണ്ടായിരുന്നില്ലെന്ന് എസ്ഐടിയോട് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന് പുറമെ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും സമരക്കാരുടെ കൈകളിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. കരിങ്കൊടി പ്രതിഷേധത്തിനിടയിലെ ഉന്തിലും തള്ളിലുമാണ് തനിക്ക് കഴുത്തിന് പരിക്കേറ്റതെന്ന് വീണാ ജോർജും പിന്നീട് സമ്മതിച്ചിരുന്നു.

രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി കേസിൽ ആദ്യം വ്യാജമൊഴി നൽകുകയും പിന്നീട് അത് തിരുത്തുകയും ചെയ്ത സാഹചര്യത്തിൽ, സിവിൽ പൊലീസ് ഓഫീസറായ അഭിലാഷിനെതിരെ കടുത്ത വകുപ്പുതല നടപടി സ്വീകരിക്കാൻ പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്യും. ഇതുസംബന്ധിച്ച റിപ്പോർട്ട് എസ്ഐടി ഉടൻ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. വ്യാജ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിപട്ടികയിൽ ഉൾപ്പെട്ട കെഎസ്‌യു പ്രവർത്തകരെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള നടപടികളും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.

‘It was the former Minister who said a weapon was used’; Gunman’s statement against Veena

More Stories from this section

family-dental
witywide