മാര്‍ട്ടിന്‍ വിലങ്ങോലില്‍
ലൂയീസ്വില്‍ (ഡാലസ്): നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കായിക മാമാങ്കങ്ങളിലൊന്നായ 36-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ വനിതാ വിഭാഗം കിരീടം ഡാലസ് സ്ട്രൈക്കേഴ്സ് സ്വന്തമാക്കി.
കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയാണ് ഡാലസ് വനിതകള്‍ ചാമ്പ്യന്‍മാരായത്. വിട്ടുകൊടുക്കാതെ മികച്ച പോരാട്ടം കാഴ്ചവെച്ച കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി.
മത്സരത്തിലുടനീളം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും, സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിച്ച് മത്സരത്തിന്റെ നിര്‍ണ്ണായക നിമിഷങ്ങളില്‍ കളി തങ്ങള്‍ക്കനുകൂലമാക്കാന്‍ ഡാലസ് സ്ട്രൈക്കേഴ്സിന്റെ വനിതാ ടീമിന് സാധിച്ചു.
മിന്നല്‍ സ്മാഷുകളുമായി കോര്‍ട്ട് കീഴടക്കിയ ക്യാപ്റ്റന്‍ മിഷേല്‍ ഷമിന്റെ മികച്ച നീക്കങ്ങള്‍ ഡാലസ് സ്ട്രൈക്കേഴ്സിന് ഒടുവില്‍ ഉജ്ജ്വല വിജയം സമ്മാനിച്ചു. ഫൈനലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ടൂര്‍ണമെന്റിലെ ‘ബെസ്റ്റ് ഒഫന്‍സീവ് പ്ലെയര്‍’ (Best Offensive Player) പുരസ്‌കാരത്തിന് മിഷേല്‍ അര്‍ഹയായി.
ടൂര്‍ണമെന്റിലുടനീളം ഡാലസ് ടീമിനായി മാന്ത്രിക പ്രകടനം പുറത്തെടുത്ത നീല, ‘മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍’ (MVP) ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലില്‍ തോറ്റെങ്കിലും ഡാലസിന്റെ ശക്തമായ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച് കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സിന്റെ ജാസ്മിന്‍ ‘ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍’ (Best Defensive Player) പുരസ്‌കാരം സ്വന്തമാക്കി.
വോളിബോള്‍ കോര്‍ട്ടിലെ പരിചയസമ്പന്നരായ റോബിന്‍ ജോസഫ്, ജിമ്മി ജോസഫ് എന്നിവരായിരുന്നു ടീമിന്റെ കോച്ചുമാര്‍. കളിയിലുടനീളം ഇരുവരും നല്‍കിയ തന്ത്രപരമായ നിര്‍ദ്ദേശങ്ങളും കൃത്യമായ ആസൂത്രണവും ടീമിനെ കിരീട നേട്ടത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ഫാ. ബിന്‍സ് ചേത്തലില്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഇന്ത്യന്‍ വോളിബോളിലെ എക്കാലത്തെയും വലിയ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ത്ഥം ടെക്‌സസിലെ ഡാലസില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
കായിക മികവ് കൊണ്ടും സംഘാടക മികവ് കൊണ്ടും ഇത്തവണത്തെ വനിതാ വിഭാഗം മത്സരങ്ങള്‍ ഏറെ ശ്രദ്ധേയമായി. ഉജ്ജ്വല വിജയം കൈവരിച്ച ഡാലസ് സ്ട്രൈക്കേഴ്സ് ടീമിനെയും കഠിനമായ പോരാട്ടവീര്യം പുറത്തെടുത്ത കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സിനെയും സംഘാടക സമിതിയും വോളിബോള്‍ പ്രേമികളും അഭിനന്ദിച്ചു.
Jimmy George Super Trophy Volleyball: Dallas Strikers crowned champions in women’s category













