വന്യജീവി സംരക്ഷണ നിയമം ലഘൂകരിച്ചു: ട്രംപ് ഭരണകൂടത്തിനെതിരെ യു.എസ് സംസ്ഥാനങ്ങൾ കോടതിയിലേക്ക്

വാഷിംഗ്ടൺ: വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായുള്ള ഫെഡറൽ നിയമങ്ങളിൽ ഇളവ് വരുത്തിയ ട്രംപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ അമേരിക്കയിലെ 20 സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡി.സിയും കോടതിയെ സമീപിച്ചു. വന്യജീവികളെയും അവയുടെ വാസസ്ഥലങ്ങളെയും സംരക്ഷിക്കുന്ന ‘എൻഡേഞ്ചർഡ് സ്പീഷീസ് ആക്ട്’ അട്ടിമറിക്കാൻ ഭരണകൂടം അനധികൃതമായി ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ഡെമോക്രാറ്റിക് അറ്റോർണി ജനറൽമാർ രണ്ട് ഹർജികൾ ഫയൽ ചെയ്തത്.

ഖനനം, എണ്ണഖനനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്ന കമ്പനികൾക്ക് സംരക്ഷിത മേഖലകളിൽ പ്രവർത്തനാനുമതി എളുപ്പമാക്കുന്ന പുതിയ ചട്ടങ്ങൾ ഇൻ്റീരിയർ, കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റുകൾ പുറപ്പെടുവിച്ചതിനെത്തുടർന്നാണ് നിയമപോരാട്ടം.

വന്യജീവികളുടെ സ്വാഭാവിക വാസസ്ഥലങ്ങൾക്ക് നാശനഷ്ടം വരുത്തുന്നതും അവയ്ക്ക് ഹാനികരമാകുന്നതുമായ പ്രവർത്തനങ്ങൾക്ക് നിലനിന്നിരുന്ന കർശന വിലക്കുകളിലാണ് ഭരണകൂടം ഇളവ് വരുത്തിയത്. പുതിയ നിയമപ്രകാരം, ജീവികളെ നേരിട്ട് ഉപദ്രവിക്കാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങളും ഖനനവും ഇവയുടെ വാസസ്ഥലങ്ങളിൽ അനുവദനീയമാണ്.

ഇതിനുപുറമേ, ഒരു പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യവസായ മേഖലകൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ പരിഗണിക്കണമെന്ന നിബന്ധനയും പുതിയ ഉത്തരവിലുണ്ട്. ഭരണകൂടത്തിൻ്റെ ഈ നീക്കം വന്യജീവി സംരക്ഷണത്തെക്കാൾ വ്യവസായ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്ന് സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി.

എന്നാൽ, കോൺഗ്രസ് പാസാക്കിയ നിയമത്തിൻ്റെ യഥാർത്ഥ പരിധിക്ക് പുറത്തേക്ക് ഏജൻസികൾ പ്രവർത്തിക്കുന്നത് തടയാനാണ് ഈ നടപടിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. വികസന പദ്ധതികൾ തടയാൻ വന്യജീവി സംരക്ഷണ നിയമത്തെ ആയുധമാക്കുകയാണെന്നും ഇന്റീരിയർ സെക്രട്ടറി ഡഗ് ബർഗം ആരോപിച്ചു.

1973-ൽ പ്രാബല്യത്തിൽ വന്ന ഈ നിയമമാണ് ഗ്രിസ്ലി കരടി, കാലിഫോർണിയൻ കോണ്ടോർ പക്ഷി, തിമിംഗലങ്ങൾ തുടങ്ങിയ നിരവധി അപൂർവ്വ ജീവിവർഗ്ഗങ്ങളെ വംശനാശത്തിൽ നിന്ന് രക്ഷിച്ചത്. പരിസ്ഥിതി സംഘടനകളും ഈ നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

US states take Trump administration to court over wildlife protection law easing

More Stories from this section

family-dental
witywide