ഫൊക്കാന റീജിയൺ 2-ൻ്റെ ഉന്നമനത്തിനായി സംഘാടക മികവുമായി ജോൺ കെ. ജോർജ് (ബിജു) ആർ.വി.പി. സ്ഥാനാർത്ഥി

ന്യൂയോർക്ക്: ഓഗസ്റ്റ് 6 മുതൽ 9 വരെ നടക്കുന്ന ഫൊക്കാന ദ്വൈവാർഷിക കൺവെൻഷനിലെ തെരഞ്ഞെടുപ്പിൽ ന്യൂയോർക്ക് റീജിയൺ 2-ൻ്റെ റീജിയണൽ വൈസ് പ്രസിഡൻ്റ് (RVP) സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോൺ കെ. ജോർജ് (ബിജു) സംഘാടക മികവ് തെളിയിച്ച സ്ഥാനാർഥി. ഫിലിപ്പോസ് ഫിലിപ്പ് നയിക്കുന്ന ടീം ഇന്റഗ്രിറ്റിയിൽ (Team Integrity) റീജിയൻ 2-നെ നയിക്കുവാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് വിവിധ സംഘടനകളുടെ സാരഥിയായി പ്രവർത്തി പരിചയമുള്ള ബിജു എന്ന പേരിൽ സുഹൃത്തുക്കൾക്കിടയിൽ സുപരിചിതനായ ജോൺ കെ ജോർജ്.

മറ്റു പല സംഘടനകളുടെയും ഔദ്യോഗിക സ്ഥാനത്ത് പ്രവർത്തിച്ചപ്പോൾ അതാത് ഘടകങ്ങൾക്ക് ഉണർവ്വും ഉത്തേജനവും പകർന്ന് അംഗങ്ങളെ താൽപ്പര്യത്തോടെ അവയുടെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചത് ജോണിൻറെ സംഘാടക മികവ് ഒന്നുകൊണ്ടു മാത്രമാണ്. ഇന്ത്യാ കാത്തൊലിക് അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ICANA) എന്ന സംഘടനയുടെ പ്രസിഡൻറ് എന്ന നിലയിൽ പ്രവർത്തിച്ച വർഷം പ്രവർത്തനങ്ങളിൽ മന്ദീഭവിച്ചു കിടന്ന പ്രസ്ഥാനത്തിൽ പ്രശംസനീയമായ പരിപാടികൾ ആസൂത്രണം ചെയ്ത് സംഘടനയെ മുൻ നിരയിലേക്ക് കൊണ്ടുവന്നത് ജീവിതത്തിലെ വലിയൊരു നേട്ടമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകി കാത്തൊലിക് അസ്സോസ്സിയേഷനിലൂടെ കേരളത്തിൽ കഷ്ടതയനുഭവിക്കുന്ന വിവിധ കുടുംബങ്ങൾക്ക് കൈത്താങ്ങായത് എന്നും പ്രശംസിക്കപ്പെട്ട കാര്യമാണ്. അത്തരം പ്രവർത്തനങ്ങളുടെ പരിണിതഫലമായി പിന്നീട് കാത്തൊലിക് അസ്സോസ്സിയേഷൻറെ ട്രസ്റ്റീ ബോർഡ് ചെയർമാനായും ബോർഡ് അംഗമായും മറ്റു പല വർഷങ്ങളിലും അംഗങ്ങൾ ജോണിനെ അംഗീകരിച്ചു എന്നതാണ് വസ്‌തുത.

സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നവരോട് സൗമ്യതയോടെയും സഹവർത്തിത്വത്തോടെയും കൂട്ടായി ആലോചിച്ചും പ്രവർത്തിക്കുക എന്നത് ജോണിൻറെ പ്രത്യേകതയാണ്. സംഘടനാ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച നല്ലൊരു സുഹൃത് വലയമാണ് അദ്ദേഹത്തിൻറെ പിൻബലം. അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സെക്രട്ടറിയായി പ്രവർത്തിച്ചപ്പോഴും, ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ്ബ് ന്യൂയോർക്ക് ചാപ്റ്റർ ട്രഷറർ ആയിരുന്നപ്പോഴും, ന്യൂയോർക്കിലെ മുൻനിരയിലുള്ള ചലഞ്ചേർസ് ബോട്ട് ക്ളബ്ബിൻറെ ട്രഷറർ ആയി നിലവിൽ പ്രവർത്തിക്കുമ്പോഴും വിശ്വസ്തതയും ആത്മാർത്ഥതയും സഹകരണ സ്വഭാവവുമാണ് ബിജുവിന് കൈമുതലായുള്ളത്.

സംഘടനാ പ്രവർത്തനങ്ങളിലെ അത്തരം പ്രത്യേകതയിലൂടെയാണ് മുൻ വർഷങ്ങളിൽ ഫൊക്കാനയുടെ ന്യൂയോർക്ക് റീജിയൺ 2-ൻറെ ട്രഷറർ സ്ഥാനം ലഭിച്ചത്. നിലവിൽ ഫൊക്കാനാ റീജിയൺ 2-ൻറെ ജോയിന്റ് സെക്രട്ടറി എന്ന നിലയിലെ പ്രവർത്തനത്തിലൂടെ കാഴ്ചവച്ച മികവാണ് ഇപ്പോൾ റീജിയൺ 2-ൻറെ റീജിയണൽ വൈസ് പ്രസിഡന്റായി മത്സരിക്കുവാൻ ബിജുവിന് അവസരം ലഭിച്ചത്. ഫൊക്കാനയുടെ സാരഥിയാകുവാൻ ഏറ്റവും പ്രഗത്ഭനായ ഫീലിപ്പോസ് ഫിലിപ്പ് തൻറെ ടീം ഇന്റഗ്രിറ്റിയിൽ പങ്കാളിയാക്കി റീജിയൺ 2-ൻറെ ആർ.വി.പി. സ്ഥാനത്ത് വിജയിക്കുവാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ബിജുവിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്.

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ ജോൺ കെ ജോർജ് ന്യൂയോർക്ക് മെട്രോ ട്രാൻസിറ്റ് അതോറിറ്റിയിൽ (MTA) ഇലക്ട്രോണിക്സ് ആൻഡ് റെവന്യൂ സപ്പോർട്ട് വിഭാഗത്തിലെ സൂപ്രണ്ട് ആയി ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലാണ് സംഘടനാ പ്രവത്തനങ്ങൾക്കും സമയം കണ്ടെത്തുന്നത്. ഫൊക്കാനയുടെ പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഫീലിപ്പോസ് ഫിലിപ്പിൻറെ ടീം ഇന്റഗ്രിറ്റിയിലുള്ള മുഴുവൻ സ്ഥാനാർഥികളോടൊപ്പം ന്യൂയോർക്ക് റീജിയൺ 2-ൻറെ ആർ.വി.പി. (RVP) ആയി ബിജു എന്ന ജോൺ കെ ജോർജിനെ നിങ്ങൾ വോട്ട് നൽകി വിജയിപ്പിക്കുമ്പോൾ ഫൊക്കാനയുടെ അടുത്ത തലത്തിലേക്കുള്ള പ്രശസ്തിയും ഉന്നമനവുമാണ് ഇന്റഗ്രിറ്റി ടീം നിങ്ങൾക്ക് വാഗ്ദാനം നൽകുന്നത്. അതിന് എല്ലാവർക്കും അവസരം ഉണ്ടാകട്ടെ.

John K. George (Biju), RVP candidate, brings organizational excellence to the advancement of FOKANA Region 2.