യുദ്ധഭീതിക്കിടെ ഹോർമുസ് കടലിടുക്ക് നീന്തിക്കടന്ന് ബ്രിട്ടീഷ് നീന്തൽ താരം ലൂയിസ് പ്യൂ; പ്രകൃതിക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കെതിരെ ലോകശ്രദ്ധ ക്ഷണിക്കുന്നു

ലണ്ടൻ: പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളുമായി ഉത്തരധ്രുവത്തിലും അന്റാർട്ടിക്കയിലും അതിശൈത്യത്തെ അതിജീവിച്ച് നീന്തിയ പ്രശസ്ത ബ്രിട്ടീഷ് എൻഡുറൻസ് നീന്തൽ താരം ലൂയിസ് പ്യൂ, തന്റെ കരിയറിലെ ഏറ്റവും അപകടകരമായ ദൗത്യം പൂർത്തിയാക്കി. എണ്ണക്കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുകയും സ്ഫോടനങ്ങൾ തുടരുകയും ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയാണ് അദ്ദേഹം മൂന്ന് ദിവസം കൊണ്ട് നീന്തിക്കയറിയത്. ഇറാനുമായുള്ള യുദ്ധം പ്രദേശത്തെ സമുദ്ര ആവാസവ്യവസ്ഥയെയും വന്യജീവികളെയും എത്രത്തോളം ഗുരുതരമായി ബാധിക്കുന്നുവെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനാണ് ഐക്യരാഷ്ട്രസഭയുടെ സമുദ്ര സംരക്ഷണ അംബാസഡർ കൂടിയായ പ്യൂ ഈ സാഹസിക ഉദ്യമത്തിന് മുതിർന്നത്.

സാധാരണ നീന്തൽ വസ്ത്രവും കണ്ണടയും യു.എൻ ലോഗോ പതിപ്പിച്ച തൊപ്പിയും മാത്രം ധരിച്ചാണ് 56-കാരനായ താരം കടലിലിറങ്ങിയത്. കടലിടുക്കിന്റെ തെക്കേ അറ്റത്തുള്ള ഒമാനിലെ മുസന്ദം ഉപദ്വീപിൽ നിന്ന് ആരംഭിച്ച നീന്തൽ, കേപ് ഓഫ് ഹോർമുസ് ചുറ്റി ഏകദേശം 9.3 മൈൽ (15 കിലോമീറ്റർ) ദൂരം പിന്നിട്ടാണ് അവസാനിപ്പിച്ചത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിൽ ദീർഘദൂര നീന്തൽ നടത്തുന്ന ആദ്യ വ്യക്തിയാണ് ലൂയിസ് പ്യൂ എന്നാണ് കരുതപ്പെടുന്നത്.

തിങ്കളാഴ്ച നീന്തൽ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ കടലിനെ പിടിച്ചുകുലുക്കുന്ന രണ്ട് ഉഗ്രൻ സ്ഫോടന ശബ്ദങ്ങൾ താൻ കേട്ടതായി ലണ്ടനിൽ തിരിച്ചെത്തിയ ശേഷം പ്യൂ വെളിപ്പെടുത്തി. ഏകദേശം നാല് കിലോമീറ്റർ അകലെ ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടാവുകയും തൊട്ടുപിന്നാലെ യുദ്ധവിമാനങ്ങൾ ആകാശത്ത് പറക്കുകയും ചെയ്തതോടെ സുരക്ഷാ സംഘത്തോടൊപ്പം താൽക്കാലികമായി പിൻവാങ്ങേണ്ടി വന്നു. പലതവണ തടസ്സങ്ങളുണ്ടായെങ്കിലും മൂന്ന് ദിവസങ്ങളിലായി ആറര മണിക്കൂറോളം നീന്തിയാണ് അദ്ദേഹം ലക്ഷ്യം പൂർത്തിയാക്കിയത്. രണ്ടാം ദിവസം ഒരു ഗ്യാസ് കാരിയർ കപ്പലിന് തീപിടിക്കുന്നതും കപ്പലിന് ചുറ്റുമുള്ള കടൽവെള്ളം കത്തുന്നതും താൻ നേരിൽ കണ്ടതായി അദ്ദേഹം ഞെട്ടലോടെ ഓർമ്മിക്കുന്നു.

യുദ്ധം വലിയ മനുഷ്യദുരിതങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു ഇര പ്രകൃതിയാണെന്ന് ലൂയിസ് പ്യൂ ചൂണ്ടിക്കാട്ടി. തകർന്ന കപ്പലുകളിൽ നിന്ന് ഒഴുകുന്ന എണ്ണയും രാസവസ്തുക്കളും പ്രദേശത്തെ ഡോൾഫിനുകൾ, കടലാമകൾ, പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ എന്നിവയെ ദശാബ്ദങ്ങളോളം നശിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുക, സമുദ്രത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക എന്നതാണ് തന്റെ ലളിതമായ സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide