
വാഷിംഗ്ടൺ: അമേരിക്കയിലെ ലൂസിയാനയിൽ പ്രാദേശിക-ഫെഡറൽ അന്വേഷണ ഏജൻസികൾ സംയുക്തമായി നടത്തിയ നീക്കത്തിലൂടെ രാജ്യത്തെ ആദ്യത്തെ ‘നിറ്റസീൻ’ സിന്തറ്റിക് ലഹരി നിർമ്മാണശാല കണ്ടെത്തി തകർത്തു. ഈ മാസം ആദ്യം ബാറ്റൺ റൂജിലെ ഒരു വീടിന്റെ നിലവറയിൽ നിന്ന് കണ്ടെത്തിയ ഈ രഹസ്യ ലാബിൽ ഫെന്റനൈൽ ആണ് നിർമ്മിക്കുന്നതെന്നായിരുന്നു അധികൃതർ ആദ്യം കരുതിയിരുന്നത്. എന്നാൽ, യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ നടത്തിയ ഫോറൻസിക് പരിശോധനയിൽ, ഫെന്റനൈലിനേക്കാൾ 80 മടങ്ങ് വരെ വീര്യമുള്ള ‘എറ്റോനിറ്റസീൻ’ എന്ന അതീവ മാരകമായ സിന്തറ്റിക് ഒപിയോയിഡാണ് ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നതെന്ന് ബുധനാഴ്ച സ്ഥിരീകരിച്ചു.
2019-ഓടെ അമേരിക്കൻ ലഹരി വിപണിയിൽ പ്രത്യക്ഷപ്പെട്ട നിറ്റസീൻ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നുകൾ അതീവ അപകടകാരികളാണ്. മൂന്ന് മാസം നീണ്ട രഹസ്യാന്വേഷണത്തിനൊടുവിൽ ഈസ്റ്റ് ബാറ്റൺ റൂജ് ഷെരീഫ് ഓഫീസും ഡി.ഇ.എയും ചേർന്നാണ് ലഹരി ശൃംഖലയുടെ ഭാഗമായ ഈ കേന്ദ്രം പൂട്ടിച്ചത്. ഏകദേശം 2,50,000 ഡോളർ (രണ്ട് കോടിയിലധികം രൂപ) വിലമതിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് ലാബിൽ സജ്ജീകരിച്ചിരുന്നത്. താപനില നിയന്ത്രിക്കുന്ന പ്രത്യേക സംവിധാനങ്ങൾ, വ്യാവസായിക ഇവാപ്പറേറ്റർ, പ്രധാന റിയാക്ടർ പാത്രത്തിൽ സൂക്ഷിച്ചിരുന്ന 58 ലിറ്റർ എറ്റോനിറ്റസീൻ ദ്രാവകം എന്നിവ ഇവിടെ നിന്ന് പിടിച്ചെടുത്തു.
അമേരിക്കയിൽ ഡി.ഇ.എ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തലാണിതെന്ന് ഈസ്റ്റ് ബാറ്റൺ റൂജ് ഷെരീഫ് സിഡ് ജെ. ഗൗട്രോക്സ് മൂന്നാമൻ പ്രസ്താവനയിൽ പറഞ്ഞു. നിറ്റസീൻ പോലുള്ള മാരക ലഹരിവസ്തുക്കളുടെ കടന്നുവരവ് തങ്ങളുടെ ദൗത്യം കൂടുതൽ അടിയന്തരമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലൂസിയാന സംസ്ഥാനം നിറ്റസീൻ ലഹരിയുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ വർഷം രാജ്യവ്യാപകമായി ഡി.ഇ.എ പിടിച്ചെടുത്ത എറ്റോനിറ്റസീൻ ശേഖരത്തിന്റെ 80 ശതമാനത്തിലധികവും ലൂസിയാനയിൽ നിന്നാണെന്ന് സ്റ്റേറ്റ് പോലീസ് ക്രൈം ലബോറട്ടറി കണക്കുകൾ വ്യക്തമാക്കുന്നു.
ഫെന്റനൈലിനൊപ്പം നിറ്റസീൻ ഉൾപ്പെടെയുള്ള അപകടകരമായ മറ്റ് സിന്തറ്റിക് രാസവസ്തുക്കൾ കലർത്തി വിൽക്കുന്നത് വർദ്ധിച്ചുവരുന്നതായി ഡി.ഇ.എ ഈ വർഷം ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ലഹരി മാഫിയകളുടെ ഈ പുതിയ രാസതന്ത്രങ്ങളെക്കുറിച്ചും ആഗോള രാസവസ്തു കടത്തിനെക്കുറിച്ചും സി.ബി.എസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ ജോൺ വെർതൈം തയ്യാറാക്കിയ പ്രത്യേക അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച സംപ്രേഷണം ചെയ്യും.













