
വാഷിംഗ്ടൺ: ഫെഡറൽ കോടതിയുടെ താൽക്കാലിക സ്റ്റേ നിലനിൽക്കെത്തന്നെ, അയോവയിലെ ആയുധ നിർമ്മാണ ശാലയിൽ സൂക്ഷിച്ചിരിക്കുന്ന ടൺ കണക്കിന് അപകടകരമായ സ്ഫോടകവസ്തുക്കൾ ചൊവ്വാഴ്ചയോ അതിനുമുമ്പോ നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കാൻ തീരുമാനിച്ചതായി യു.എസ് സൈന്യം അറിയിച്ചു. സ്ഫോടകവസ്തുക്കൾ സ്വയം പൊട്ടിത്തെറിക്കാനുള്ള സാധ്യത പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പാലിക്കേണ്ടതില്ലെന്ന നിലപാട് സൈന്യം സ്വീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച വൈകി ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ പെർമിറ്റിലെ അടിയന്തര സുരക്ഷാ ഇളവുകൾ ഉപയോഗപ്പെടുത്തി സ്ഫോടനം നടത്താനാണ് സൈന്യത്തിന്റെ നീക്കം. നിയന്ത്രണമില്ലാത്ത വൻ സ്ഫോടനം ഒഴിവാക്കി പൊതുജനങ്ങളെ സംരക്ഷിക്കാൻ നിയന്ത്രിത സ്ഫോടനം അനിവാര്യമാണെന്ന് സർക്കാർ വാദിക്കുന്നു.
അയോവയിലെ മിഡിൽടൗണിലുള്ള ആയുധശാലയിൽ സൂക്ഷിച്ചിരിക്കുന്ന ‘ലെഡ് അസൈഡ്’ അടങ്ങിയ സ്ഫോടകവസ്തുക്കൾ പൊട്ടിച്ചുനശിപ്പിക്കാനുള്ള സൈന്യത്തിന്റെ നീക്കം വെള്ളിയാഴ്ച ഫെഡറൽ കോടതി അനിശ്ചിതകാലത്തേക്ക് തടഞ്ഞിരുന്നു. സ്ഫോടനത്തെത്തുടർന്ന് വിഷാംശമുള്ള ലെഡ് (ഈയം) കണികകൾ പൊടിപടലങ്ങളായി അയോവയുടെയും ഇല്ലിനോയിസിന്റെയും വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്ന പ്രദേശവാസികളുടെയും പരിസ്ഥിതി സംഘടനകളുടെയും ആശങ്കയെത്തുടർന്നായിരുന്നു എട്ടാം യു.എസ് സർക്യൂട്ട് അപ്പീൽ കോടതിയുടെ നടപടി. ആദ്യം വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന സ്ഫോടനം പിന്നീട് തിങ്കളാഴ്ചത്തേക്ക് സൈന്യം മാറ്റിവെക്കുകയായിരുന്നു.
അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തരീക്ഷ താപനില 30 ഡിഗ്രി ഫാരൻഹീറ്റിൽ താഴെയാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ചയ്ക്കകം സ്ഫോടനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം കോടതിയിൽ മുന്നറിയിപ്പ് നൽകി. കാലപ്പഴക്കം ചെന്ന ലെഡ് അസൈഡ് തണുപ്പ് കൂടുന്നതോടെ ക്രിസ്റ്റലുകളായി പൊട്ടാനും, ഇത് സ്വയം പൊട്ടിത്തെറിക്ക് കാരണമാകാനും ഇടയുണ്ടെന്ന് സൈന്യം വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് യാതൊരു അപകടവും ഉണ്ടാകാത്ത വിധം ആരോഗ്യ-പരിസ്ഥിതി വകുപ്പുകളുമായി ചേർന്ന് ഏറ്റവും സുരക്ഷിതമായ രീതിയിലായിരിക്കും സ്ഫോടനം നടത്തുകയെന്നും ലെഡ് പൊടിപടലങ്ങൾ പടരുന്നത് തടയാൻ കർശന മുൻകരുതലുകൾ സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു.
അതേസമയം, സൈന്യത്തിന്റെ നീക്കത്തിനെതിരെ ‘അയോവ എൻവയോൺമെന്റൽ കൗൺസിലും’ ‘സിയറ ക്ലബ്ബും’ ഞായറാഴ്ച വീണ്ടും കോടതിയെ സമീപിച്ചു. സ്ഫോടനം വൈകിപ്പിച്ചാലുള്ള അപകടസാധ്യതകളെക്കുറിച്ചുള്ള സൈന്യത്തിന്റെ വിലയിരുത്തലിനെ ചോദ്യം ചെയ്യുന്ന വിദഗ്ധരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും റിപ്പോർട്ടുകളും ഇവർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 1941-ൽ നിർമ്മിച്ച അയോവ ആർമി അമ്മ്യൂണിഷൻ പ്ലാന്റിലെ ബങ്കറുകളിൽ സൂക്ഷിച്ചിരുന്ന 68 ഡ്രം ലെഡ് അസൈഡിന് രാസമാറ്റം സംഭവിച്ചു തുടങ്ങിയതായി ഈ വർഷം മാർച്ചിലാണ് സൈന്യം കണ്ടെത്തിയത്.












