ഇ. ജീൻ കരോളിന് 58 ലക്ഷം ഡോളർ നൽകുന്നത് വൈകിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം തള്ളി കോടതി

വാഷിങ്ടൺ: എഴുത്തുകാരി ഇ. ജീൻ കരോളിന് 58 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകുന്നത് വൈകിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ഫെഡറൽ കോടതി തള്ളി. ന്യൂയോർക്കിലെ ഫെഡറൽ ജില്ലാ ജഡ്ജി ലൂയിസ് കാപ്ലനാണ് ട്രംപിന്റെ അപേക്ഷ ജൂലൈ 4-ന് തള്ളിയത്. ഇതോടെ കരോളിന്റെ ഹർജിക്ക് ട്രംപ് ജൂലൈ 7-നകം മറുപടി നൽകേണ്ടിവരും.

2023-ൽ നടന്ന സിവിൽ വിചാരണയിൽ, ട്രംപ് ഇ. ജീൻ കരോളിനെ ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് അവരുടെ ആരോപണങ്ങളെ “തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും ജൂറി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരോളിന് 58 ലക്ഷം ഡോളർ നഷ്ടപരിഹാരം അനുവദിച്ചത്.

ഈ വിധി പുനഃപരിശോധിക്കണമെന്ന ട്രംപിന്റെ ആവശ്യം ജൂൺ 29-ന് അമേരിക്കൻ സുപ്രീം കോടതി തള്ളിയിരുന്നു. തുടർന്ന് ജൂൺ 30-ന് കരോൾ, പലിശയുൾപ്പെടെ ലഭിക്കാനുള്ള തുക ഉടൻ നൽകാൻ ട്രംപിന് കോടതി നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മാൻഹട്ടനിലെ ഫെഡറൽ കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ തന്റെ പ്രധാന അഭിഭാഷകനായിരുന്ന ജസ്റ്റിൻ സ്മിത്ത് ഫെഡറൽ അപ്പീൽ കോടതിയിലെ ജഡ്ജിയായി നിയമിതനായതിനാൽ കേസ് വിട്ടതായും പുതിയ അഭിഭാഷകനായ ജോഷ് ഹാൽപേണിന് കേസ് പഠിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നുമാണ് ട്രംപ് കോടതിയെ അറിയിച്ചത്. എന്നാൽ കരോളിന്റെ അഭിഭാഷകർ, കേസ് മനഃപൂർവം വൈകിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഇനി ഇക്കാര്യത്തിൽ കാലതാമസത്തിന് അവസരമില്ലെന്നും കോടതിയെ അറിയിച്ചു.

1990-കളിൽ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ ട്രംപ് തന്നെ ലൈംഗികമായി ആക്രമിച്ചെന്നും 2022-ൽ ആ ആരോപണത്തെ “തട്ടിപ്പ്” എന്ന് വിശേഷിപ്പിച്ച് തന്റെ പ്രശസ്തിക്ക് മങ്ങലേൽപ്പിച്ചെന്നും കരോൾ ഹർജിയിൽ ആരോപിച്ചിരുന്നു. ട്രംപ് ഈ ആരോപണങ്ങൾ നിഷേധിച്ചുവരികയാണ്.

അതേസമയം, മറ്റൊരു അപകീർത്തി കേസിൽ 2019-ൽ കരോളിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ 2024-ൽ ട്രംപ് 8.33 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് മാൻഹട്ടനിലെ മറ്റൊരു ജൂറി വിധിച്ചിരുന്നു. ആ കേസിലെ അപ്പീലിൽ ഇപ്പോഴും നിയമനടപടികൾ തുടരുകയാണ്.

Judge rejects Trump bid to delay $5.8M payment to E. Jean Carroll

More Stories from this section

family-dental
witywide