
ഫോർട്ട് ലോഡർഡെയിൽ (ഫ്ലോറിഡ): വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ 16ാം കൺവൻഷന് ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ തുടക്കമായി. അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമാണിത്. കേരളത്തിന്റെ മുഴുവൻ അഭിമാനമാനവും ക്നാനായ സമുദായ അംഗവുമായ മിസ്സോറി സിറ്റി മേയർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ക്നാനായ സമൂഹത്തിന്റെ ചരിത്രം ഒരു കാരണവശാലും ആർക്കും മായിക്കാനോ മറ്റ് ആർക്കെങ്കിലും വേണ്ടി മാറ്റിയെഴുതാനോ സാധിക്കില്ല എന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു.
സഭയോടും കോട്ടയം അതിരൂപതയോടും ക്നാനായ സമുദായത്തോടും കൂറു പുലർത്തി ജീവിക്കാൻ എല്ലാ ക്നാനായ വിശവാസികളും ബാധ്യസ്ഥരാണ് എന്ന് കൺവൻഷനിൽ സംസാരിച്ച KCCNA സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത് പറഞ്ഞു.
KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ ഉദ്ഘാടന യോഗത്തിന്റെ അധ്യക്ഷനായിരുന്നു. ഉയർന്ന ശിരസോടും ഉറച്ച നിലപാടുകളോടും കൂടെ വർത്തമാനകാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ എല്ലാ ക്നാനായ വിശ്വാസികളും തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൺവൻഷൻ പ്രവർത്തനങ്ങൾക്കായി അഹോരാത്രം പ്രവർത്തിച്ച എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. കെസിസിഎൻഎയുടെ മുൻകാല സാരഥികളെ സ്മരിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.
കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ സ്വാഗതം ആശംസിച്ചു.ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ചിക്കാഗോ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ, (ന്യൂയോർക്ക്) ജോയിന്റ് സെക്രട്ടറി ഡോ.സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ), ജയമോൾ മൂശാരിപ്പറമ്പിൽ (താമ്പ), എബി തെക്കനാട്ട് (മയാമി), സിജു ചെരിവുകാലായിൽ , ഡാനി പള്ളാട്ടുമഠം, ആൽബിൻ പിണർകയിൽ, പുന്നൂസ് വഞ്ചിപ്പുരയിൽ, ബാബു തൈപ്പറമ്പിൽ,വിൽസ് മാപ്ളശേരി, അരുൺ പവ്വത്തിൽ, ഗോഡ്വിൻ കൊച്ചുപുരക്കൽ, സജി ഉരപ്പാങ്കൽ, ജോബിൻ മരങ്ങാട്ടിൽ,ജോബിൻ തെക്കനാട്ട് , സിബി ചാണശേരിൽ, ജോമോൻ ചെമ്മനപ്പള്ളിൽ, റോജി കണിയാംപറമ്പിൽ, സഞ്ജയ് നെടുംപുരക്കൽ, സോജി പുതുപ്പറമ്പിൽ, മനോജ് താണാട്ട്, ടോമി വടുതല, ഷോബിൻ പുതുശേരിൽ, മറിയ കൈതാരം, ആൻജലീന ആൻ പവത്തിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. വൈകിട്ട് 4:30-ന് വിശുദ്ധ കുർബാനയ്ക്കുശേഷം ക്നായി തൊമ്മൻ ഹാളിലാണ് ഉദ്ഘാടന സമ്മേളനം നടന്നത്. ആതിഥേയ യൂണിറ്റുകളായ താമ്പായും മയാമിയും അവതരിപ്പിച്ച മനോഹരമായ സ്വാഗതപരിപാടികൾ ചടങ്ങിൽ അരങ്ങേറി. വിവിധ വേദികളിലായി യുവജന ഐസ് ബ്രേക്കിങ് സെഷനുകളും ഓഫ്‌സൈറ്റ് യുവജന പരിപാടികളും അരങ്ങേറി. രാത്രി 9 മണിമുതൽ ഐഡിയ സ്റ്റാർ സിംഗർ വിജയികൾ അവതരിപ്പിച്ച മെഗാ എന്റർടൈൻമെന്റ് ഷോ അരങ്ങേറി.
ഓഗസ്റ്റ് 6 മുതൽ 9 വരെ നടന്നുകൊണ്ടിരിക്കുന്ന ഈ മഹാസമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ക്നാനായ കുടുംബങ്ങൾ പങ്കെടുക്കുന്നുണ്ട്.. ആത്മീയതയും പാരമ്പര്യവും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ഈ മഹാസംഗമത്തിൽ വിശുദ്ധ കുർബാന, കലാ-കായിക മത്സരങ്ങൾ, സെമിനാറുകൾ, യുവജന-കുടുംബ പരിപാടികൾ, സംഗീത-വിനോദ വിരുന്നുകൾ എന്നിവ അരങ്ങേറുന്നുണ്ട്.”ഇത് ഒരു സാധാരണ കൺവെൻഷൻ മാത്രമല്ല; തലമുറകളെ ബന്ധിപ്പിക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബഐക്യത്തിന്റെയും മഹാസംഗമമാണ്.” എന്ന സന്ദേശത്തോടെ സംഘാടകർ ലോകമെമ്പാടുമുള്ള എല്ലാ ക്നാനായ കുടുംബങ്ങളെയും ഈ ചരിത്ര മുഹൂർത്തത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
KCCNA Convention began in Florida















