
ന്യൂഡൽഹി / ലണ്ടൻ: സാങ്കേതിക തകരാറുകളെത്തുടർന്ന് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങൾ ലോകമെമ്പാടും തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ടീംസ്, ഔട്ട്ലുക്ക്, എ.ഐ അസിസ്റ്റന്റായ കോപൈലറ്റ് തുടങ്ങിയ പ്രധാന സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ വന്നത്. അമേരിക്കയിലും യുകെയിലും ഉൾപ്പെടെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ഇത് ബാധിച്ചത്.
സെർവറുകളിലുണ്ടായ അപ്രതീക്ഷിത തകരാറാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് അധികൃതർ വ്യക്തമാക്കി. “ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർദ്ധനവല്ല, മറിച്ച് നിരവധി സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതാണ് ബാക്കിയുള്ള സംവിധാനങ്ങൾക്ക് അമിതഭാരം ഉണ്ടാക്കിയത്,” കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ആദ്യം അമേരിക്കയിലാണ് പ്രശ്നം റിപ്പോർട്ട് ചെയ്തതെങ്കിലും ലോകത്തെ എല്ലാ മേഖലകളിലുമുള്ള ഉപയോക്താക്കളെ ഇത് ബാധിച്ചിട്ടുണ്ടാകാമെന്ന് മൈക്രോസോഫ്റ്റ് സമ്മതിച്ചു. ഓൺലൈൻ സേവനങ്ങളുടെ തകരാറുകൾ നിരീക്ഷിക്കുന്ന ‘ഡൗൺഡിറ്റക്ടർ’ വെബ്‌സൈറ്റിൽ അമേരിക്കയിൽ നിന്ന് മാത്രം 1,31,000-ത്തിലധികം പരാതികളാണ് ഔട്ട്ലുക്കുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്.
തകരാർ പരിഹരിക്കുന്നതിനായി പ്രത്യേക കോൺഫിഗറേഷൻ പരീക്ഷിച്ചുവരികയാണെന്നും, പ്രശ്നം ബാധിച്ച എല്ലാ സെർവറുകളും റീസ്റ്റാർട്ട് ചെയ്തിട്ടുണ്ടെന്നും കമ്പനി പിന്നീട് അറിയിച്ചു. ഓട്ടോമേറ്റഡ് ഹെൽത്ത് ചെക്കുകളിൽ സെർവറുകൾ പരാജയപ്പെട്ടതാണ് സേവനങ്ങൾ നിലയ്ക്കാൻ ഇടയാക്കിയത്.
Microsoft services disrupted; global users affected












