ഞെട്ടിച്ച് കണക്കുകൾ! 2026ൽ അമേരിക്കയിൽ നിന്ന് നാടുകടത്തിയത് 4.83 ലക്ഷം പേരെ; തെരഞ്ഞെടുപ്പ് തിരിച്ചടിക്കിടയിലും റെക്കോർഡ് കണക്കുകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: 2026 സാമ്പത്തിക വർഷത്തിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) 4,83,200 പേരെ രാജ്യത്തുനിന്ന് നാടുകടത്തിയതായി പുതിയ ഔദ്യോഗിക കണക്കുകൾ. സി.ബി.എസ് ന്യൂസിന് ലഭിച്ച ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം ഐ.സി.ഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക നാടുകടത്തൽ കണക്കാണിത്. 2025 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 4,42,640 എന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.

സെപ്റ്റംബർ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,91,000-ത്തിലധികം കുടിയേറ്റക്കാരെയാണ് ഐ.സി.ഇ അറസ്റ്റ് ചെയ്തത്. ഇതിൽ 4,75,000-ത്തോളം പേരും ക്രിമിനൽ കേസുകളിലല്ലാതെ, സാധാരണ കുടിയേറ്റ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായവരാണ്. ബൈഡൻ ഭരണകൂടത്തിന്റെ അവസാന വർഷമായ 2024-നെ അപേക്ഷിച്ച് നാടുകടത്തലുകളിൽ ഏകദേശം 78 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒബാമ ഭരണകൂടത്തിന് കീഴിൽ 2012-ൽ രേഖപ്പെടുത്തിയ 4,09,849 എന്ന റെക്കോർഡിനേക്കാൾ 18 ശതമാനം കൂടുതലാണിത്.

അമേരിക്കൻ ജനതയെ സുരക്ഷിതരാക്കാൻ ഐ.സി.ഇ ഉദ്യോഗസ്ഥർ നടത്തുന്ന പോരാട്ടത്തിന്റെ വിജയമാണിതെന്ന് ഡി.എച്ച്.എസ് സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ പ്രസ്താവനയിൽ പറഞ്ഞു. ബൈഡൻ ഭരണകൂടത്തിന്റെ മൂന്ന് വർഷത്തെ ആകെ അറസ്റ്റുകളേക്കാൾ കൂടുതലാണ് 2026-ൽ മാത്രം നടന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

കണക്കുകളിലെ അവ്യക്തതയും യാഥാർത്ഥ്യവും

സർക്കാരിന്റെ കണക്കുകൾ പ്രകാരം നാടുകടത്തലുകൾ റെക്കോർഡ് ഭേദിച്ചെങ്കിലും, ഇതിൽ 37 ശതമാനത്തോളം പേരും സ്വമേധയാ രാജ്യം വിട്ടവരാണെന്ന് സിറാക്കൂസ് സർവകലാശാലയിലെ ‘ട്രാക്ക്’ ഗവേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചപ്പോൾ 63 ശതമാനം മാത്രമാണ് ഔദ്യോഗിക ഉത്തരവ് പ്രകാരമുള്ള നാടുകടത്തലുകൾ.

കൊടുംകുറ്റവാളികളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഭരണകൂടം ആവർത്തിക്കുമ്പോഴും, യാഥാർത്ഥ്യം മറിച്ചാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (MPI) കണക്കുകൾ പ്രകാരം 2025 ജനുവരി മുതൽ 2026 ജൂലൈ വരെ നാടുകടത്തപ്പെട്ട 9.8 ലക്ഷം പേരിൽ വെറും 20 ശതമാനം പേർക്ക് മാത്രമാണ് ക്രിമിനൽ പശ്ചാത്തലമുള്ളത്. അമേരിക്കയിൽ രണ്ട് വർഷത്തിലധികമായി താമസിക്കുന്നവരിൽ 71 ശതമാനം പേർക്കും യാതൊരുവിധ ക്രിമിനൽ റെക്കോർഡുകളും ഉണ്ടായിരുന്നില്ല.

രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. രാജ്യത്തെ 58 ശതമാനം വോട്ടർമാരും ട്രംപിന്റെ നാടുകടത്തൽ നടപടികൾ അതിരുകടന്നുവെന്ന് എക്സിറ്റ് പോളുകളിൽ അഭിപ്രായപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം, കൃഷിയിടങ്ങളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരും നികുതി അടയ്ക്കുന്നവരുമായ ദീർഘകാല കുടിയേറ്റക്കാരെ നാടുകടത്തുന്നത് അൽപ്പം കടുപ്പമായിപ്പോയെന്ന് ’60 മിനിറ്റ്‌സ്’ അഭിമുഖത്തിൽ ട്രംപ് സമ്മതിച്ചിരുന്നു. കുടിയേറ്റ നിയമനിർമ്മാണത്തിനായി ഡെമോക്രാറ്റുകളുമായി സഹകരിക്കാൻ തയാറാണെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും, കടുത്ത കുടിയേറ്റ വിരുദ്ധനായ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചതിലൂടെ കർശന നടപടികൾ തുടരുമെന്ന സന്ദേശമാണ് ഭരണകൂടം നൽകുന്നത്.

More Stories from this section

family-dental
witywide