അഞ്ച് മണ്ഡലങ്ങള്‍, മൂന്നെണ്ണം ഇടതുപക്ഷത്ത് രണ്ടെണ്ണം യുഡിഎഫിന് ഒപ്പം. 2021 ല്‍ ഇടക്കിയുടെ ജനവിധി ഇത്തരത്തിലായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കി ആർക്കൊപ്പം നിൽക്കും? .
യുഡിഎഫ് കോട്ടയായി കരുതിയിരുന്ന ഇടുക്കിയില്‍ രണ്ടിലയുടെ തണലില്‍ അഞ്ച് വര്‍ഷം മുന്‍പ് എല്‍ഡിഎഫ് ഉറപ്പിച്ച സ്വാധീനം തുടരാനാകുമോ എന്നാതാണ് ചോദ്യം
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും പക്ഷേ, കാറ്റ് വലത്തേക്കാണ് വീശിയത്. 2020 ല്‍ കൈവിട്ട ഇടുക്കിയെ തിരിച്ചുപിടിച്ച് യുഡിഎഫ് വേരുറപ്പിക്കുന്ന കാഴ്ചയാണ് 2025 തദ്ദേശ ഫലം നല്‍കുന്നത്. 35 ഗ്രാമ പഞ്ചായത്തുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫിന് 13 പഞ്ചായത്തുകളില്‍ വിജയിച്ചു. ഇടതുകോട്ടകളടക്കമാണ് യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ 16 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നഷ്ടപ്പെട്ടു.
ഇടുക്കിയിലെ രണ്ട് നഗരസഭകളും യുഡിഎഫ് നില നിര്‍ത്തി. ഇരു നഗരസഭകളിലും കേവലഭൂരിപക്ഷം നേടിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ജില്ലാ പഞ്ചായത്തിലും ബ്ലോക്കു പഞ്ചായത്തുകളിലും യുഡിഎഫിനായിരുന്നു വിജയം. എട്ടില്‍ ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചു.

ദേവികുളം
സ്ഥാനാർഥികൾ- അഡ്വ എ രാജ (CPM) | എഫ് രാജ (INC) | എസ് രാജേന്ദ്രൻ (BJP)
ഇടുക്കിയിലെ പട്ടിക ജാതി സംവരണ മണ്ഡലം. 2006 മുതല്‍ എല്‍ഡിഎഫ് വിജയിച്ചുവരുന്ന മണ്ഡലം. 2016 വരെ എസ് രാജേന്ദ്രന്‍ ആയിരുന്നു ജന പ്രതിനിധി. 2021 ല്‍ എ രാജ വിജയിച്ചു. കോണ്‍ഗ്രസിന്റെ ഡി കുമാറിനെ 7848 വോട്ടുകള്‍ക്കാണ് എ രാജ പരാജയപ്പെടുത്തിയത്. മുൻ എൽഡിഎഫ് എംഎൽഎ രാജേന്ദ്രനാണ് ഇത്തവണ ബിജെപി സ്ഥാനാർഥി.

ഉടുമ്പഞ്ചോല
സ്ഥാനാർഥികൾ കെ കെ ജയചന്ദ്രൻ (CPM) | അഡ്വ. സേനാപതി വേണു (INC) | അഡ്വ സംഗീത വിശ്വനാഥൻ (BDJS)
2001 മുതല്‍ സിപിഎം തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലം. 2011 വരെ കെ കെ ജയചന്ദ്രന്‍ വിജയിച്ചു. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ എംഎം മണി ജനപ്രതിനിധിയായ. കോണ്‍ഗ്രസിലെ ഇ എം അഗസ്റ്റിയെ 38305 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു എംഎം മണിയുടെ രണ്ടാമൂഴം.

തൊടുപുഴ-
സ്ഥാനാർഥികൾ – സിറിയക് ചാഴികാടൻ (KC-M) | അപു ജോൺ ജോസഫ് (KC-J) റോയ് എ വാരിക്കാട്ട്
കേരള കോണ്‍ഗ്രസുകള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലം. 2011, 2016, 2021 തെരഞ്ഞെടുപ്പുകളില്‍ പിജെ ജോസഫ് മണ്ഡലത്തെ പ്രിതിനിധീകരിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ പ്രൊഫസര്‍ കെ ഐ ആന്റണിയെ പരാജയപ്പെടുത്തിയാണ് പി ജെ ജോസഫിന്റെ വിജയം. ഭൂരിപക്ഷം 20259. ഇത്തവണ പി ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫാണ് യുഡിഎഫിൻ്റെ പ്രതിനിധി.

ഇടുക്കി-
സ്ഥാനാർഥികൾ റോഷി അഗസ്റ്റിൻ (KC-M) | റോയ് കെ പൗലോസ് (INC), പ്രതീഷ് പ്രഭ ( എൻഡിഎ)
2001 മുതല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റാണ് ഇടുക്കി. റോഷി അഗസ്റ്റിന്‍ തുടര്‍ച്ചയായി വിജയം നേടി. യുഡിഎഫിനും കേരള കോണ്‍ഗ്രസ് വിഭാഗത്തിലാണ് കെ ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ച മണ്ഡലത്തില്‍ 5573 വോട്ടുകള്‍ക്കാണ് റോഷി വിജയം നേടിയത്.

പീരുമേട്
സ്ഥാനാർഥികൾ കെ സലിംകുമാർ (CPI) | അഡ്വ. സിറിയക് തോമസ് (INC) വി, രതീഷ് ( എൻഡിഎ)
ഇടുക്കിയില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം. 2006 മുതല്‍ ഇ എസ് ബിജിമോള്‍ വിജയിച്ച മണ്ഡലം. 2021 ല്‍ വാഴൂര്‍ സോമന്‍ സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ സിറിയക് തോമസിനെ 1835 വോട്ടുകള്‍ക്കാണ് വാഴൂര്‍ സോമന്‍ പരാജയപ്പെടുത്തിയത്.













