കേരളത്തിൽ വീണ്ടും അതിശക്ത മഴ എത്തുന്നു, വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ (യെല്ലോ) അലർട്ടുകൾ പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കനക്കാൻ സാധ്യതയെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി ജൂൺ 29-ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ 30-ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 26) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ 27-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ടാകും. വരും ദിവസങ്ങളിൽ മഴ തെക്കൻ-മധ്യ കേരളത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ജൂൺ 28-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 12 ജില്ലകളിൽ പരക്കെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 29-ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജൂൺ 30-ന് എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും മഞ്ഞ അലർട്ടായിരിക്കും. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Kerala Rains to Intensify: IMD Issues Orange and Yellow Alerts Across Various Districts

More Stories from this section

family-dental
witywide