കാലവർഷം കലിതുള്ളുന്നു, സംസ്ഥാനത്ത് 2 മരണം, രണ്ട് സ്കൂളുകളിൽ അപകടം, പട്ടം ഗേൾസ് സ്കൂൾ മതിൽ തകർന്നു, കൂടൽ സ്കൂളിൽ ആൽമരം കടപുഴകി വീണു

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടവും ജീവഹാനിയും. കനത്ത മഴയെത്തുടർന്ന് തലസ്ഥാന നഗരിയിലെ പ്രശസ്തമായ പട്ടം ഗേൾസ് സ്കൂളിലെ സംരക്ഷണ മതിൽ തകർന്നു വീണു. സ്കൂളിലെ പിൻവശത്തെ ക്ലാസ് മുറികളോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇത്തവണത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം നടന്നത് ഈ വിദ്യാലയത്തിലായിരുന്നു. സ്കൂൾ തുറക്കുന്നതിന് മുന്നേ ആയതിനാൽ മാത്രമാണ് ഇവിടെ വൻ അപകടം ഒഴിവായതും ആർക്കും പരിക്കേൽക്കാതിരുന്നതും. തൃശൂർ എരുമപ്പെട്ടിയിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കാഞ്ഞിരക്കോട് കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

പത്തനംതിട്ട കൂടൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ഇന്ന് പുലർച്ചെ വൻ ആൽമരം കടപുഴകി വീണു. ജില്ലാ പഞ്ചായത്തിന്റെ ഗുരുതരമായ അനാസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് നാട്ടുകാരും കൂടൽ സ്കൂൾ പി.ടി.എ.യും ആരോപിച്ചു. സ്കൂൾ മുറ്റത്ത് അപകടകരമായി നിന്നിരുന്ന ഈ മരം മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് അവർ കൈയൊഴിയുകയായിരുന്നു. സംഭവത്തെത്തുടർന്ന് കോന്നി തഹസിൽദാർ അജേഷ് ജി. സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടകരമായി നിൽക്കുന്ന സ്കൂൾ മുറ്റത്തെ മറ്റു മരങ്ങൾ ഉടൻ തന്നെ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കുമെന്നും ഇതിനായി അടിയന്തരമായി ട്രീ കമ്മിറ്റി ചേരുമെന്നും തഹസിൽദാർ അറിയിച്ചു.

മഴക്കെടുതികളിൽ സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് പേർക്ക് ജീവൻ നഷ്ടമായി. മലപ്പുറം ചങ്ങരംകുളം ചേലക്കടവിൽ മീൻ പിടിക്കാൻ പോയ മുക്കുതല സ്വദേശി മുഹമ്മദിന്റെ മകൻ മുർഷിദ് (പത്താം ക്ലാസ് വിദ്യാർഥി) മുങ്ങി മരിച്ചു. പാലക്കാട് കുഴൽമന്ദത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് പെരുങ്കുന്നം തെക്കേക്കര സ്വദേശി ഉണ്ണിക്കണ്ണൻ എന്ന രാമദാസ് (40) ആണ് മരണപ്പെട്ടത്. മഴക്കെടുതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റവന്യൂ അധികൃതർക്ക് കനത്ത നിർദേശം നൽകിയിട്ടുണ്ട്.

Kerala Ravaged by Heavy Rain: Two Dead, School Wall Collapses and Giant Tree Falls in Separate Incidents

More Stories from this section

family-dental
witywide