കൊച്ചി: സാമ്പത്തികം, തുറമുഖ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളവും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ഒപ്പം വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിലെ സഹകരണമാണ് പ്രധാനമായും ചർച്ച ചെയ്തത്. കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിൽ സംയുക്ത ഗവേഷണം, അക്കാദമിക് കൈമാറ്റം, നവീകരണ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ സഹകരണത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാംസ്കാരിക ബന്ധങ്ങളും ജനങ്ങൾ തമ്മിലുള്ള ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച നടന്നു.
കേരളത്തിലേക്കുള്ള തന്റെ ആദ്യ സന്ദർശനമാണിതെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പന്നമായ സാംസ്കാരിക പൈതൃകവും അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലെ സാധ്യതകളും തന്നെ ആകർഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വെൽനെസ്, ആയുർവേദ ടൂറിസം മേഖലകളിലെ കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി അമേരിക്കയിൽ നിന്നുള്ള കൂടുതൽ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് എത്തിക്കാനാകുമെന്ന് അംബാസഡർ പറഞ്ഞു. കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതുവഴി സാംസ്കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിക്ഷേപങ്ങളുടെ പ്രധാന കേന്ദ്രമായി കേരളത്തിന് വലിയ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, തുറമുഖാധിഷ്ഠിത വികസനം തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്തത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലെ അവസരങ്ങളും ചർച്ചയായി.
അമേരിക്കൻ കമ്പനികൾക്ക് കേരളത്തിലെ നിക്ഷേപ സാധ്യതകളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ സഹായിക്കാനുള്ള താൽപര്യം അംബാസഡർ പ്രകടിപ്പിച്ചു. കൂടുതൽ യുഎസ് കമ്പനികളെ കേരളത്തിലെ നിക്ഷേപ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഇടപെടലുകൾ കേരളവും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാനും പുതിയ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ മലയാളി സമൂഹവുമായും ബിസിനസ് ശൃംഖലകളുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി അമേരിക്കയിൽ ഒരു ‘ഇൻവെസ്റ്റ് ഡെസ്ക്’ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നിക്ഷേപ അന്വേഷണങ്ങൾ സുഗമമാക്കുക, നിക്ഷേപകരെയും കമ്പനികളെയും കേരളത്തിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുക, മലയാളി പ്രവാസി സമൂഹവുമായും അമേരിക്കൻ ബിസിനസ് സമൂഹവുമായും ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, അമേരിക്കൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയ അതേ ഹോട്ടലിൽ ട്രംപിൻ്റെ മരുമകൻ മൈക്കിൾ ബൂലോസും ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി മൈക്കിൾ ബൂലോസുമായി കൂടിക്കാഴ്ച നടത്തിയോ എന്നതിൽ വ്യക്തത ഇല്ല. മൈക്കൽ ബൂലോസ് ആലപ്പുഴയിലെത്തി ഹൗസ് ബോട്ടിൽ സഞ്ചരിച്ചു. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.
Keralam Chief Minister VD Satheesan met US Ambassador to India Sergio Gor in Kochi on Saturday, in the presence of the Chief Secretary and other senior officials of the state government.














