
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾ അക്കൗണ്ട് തുറക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ നിയമം കർശനമാക്കുന്നു. ഇതിനായി ഐടി (ഇൻഫർമേഷൻ ആൻഡ് ടെക്നോളജി) ഇന്റർമീഡിയറി ചട്ടങ്ങളിൽ ഉടൻ തന്നെ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണങ്ങളോട് യോജിച്ചുകൊണ്ട്, സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയ കമ്പനികളും പ്രായപൂർത്തിയാകാത്ത കുട്ടികളും തമ്മിലുള്ള കരാറുകൾ നിയമപരമായി നിലനിൽക്കാത്തതാണെന്നും, അതിനാൽ കുട്ടികളെ അക്കൗണ്ട് തുടങ്ങാൻ അനുവദിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ നിയമപരമായ ബാധ്യതയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വെബ്‌സൈറ്റുകളിൽ മാതാപിതാക്കളുടെ അനുമതിയോടെ കുട്ടികൾക്ക് ലോഗിൻ ചെയ്യാൻ അനുവാദമുണ്ടാകും.
അമേരിക്കൻ നിയമപ്രകാരം രജിസ്റ്റർ ചെയ്ത സോഷ്യൽ മീഡിയ കമ്പനികൾ, അവിടെയുള്ള പ്രായപരിധി നിബന്ധനകൾ ഇന്ത്യൻ ഡിജിറ്റൽ മേഖലയിലേക്ക് അതേപടി കൊണ്ടുവരുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അംഗത്വം നൽകുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സായി നിജപ്പെടുത്തണമെന്നും, ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായി കമ്പനികൾ തങ്ങളുടെ സോഫ്റ്റ്‌വെയറുകളിൽ മാറ്റം വരുത്താൻ കേന്ദ്രം നിർദ്ദേശം നൽകണമെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ആവശ്യപ്പെട്ടു.
ഫലപ്രദമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കുട്ടികൾ ഡിജിറ്റൽ ലോകത്ത് വലിയ സുരക്ഷാ ഭീഷണികൾ നേരിടുന്നുണ്ടെന്ന് ഹർജിക്കാരായ ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’ എന്ന സംഘടന കോടതിയെ ബോധിപ്പിച്ചു. ഓൺലൈൻ വഴിയുള്ള ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യൽ, സൈബർ അധിക്ഷേപങ്ങൾ, പ്രായത്തിന് അനുയോജ്യമല്ലാത്ത ദൃശ്യങ്ങൾ കാണാനിടയാകുക തുടങ്ങിയ ഗുരുതരമായ അപകടങ്ങളിലേക്ക് കുട്ടികൾ വീണുപോകുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
വിഷയത്തിൽ കൃത്യമായ നിയമസംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിച്ച് വ്യക്തമായ മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
No social media for under eighteens; Central government to tighten rules














