കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് ജി ഗിരീഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. രണ്ടാഴ്ചയ്ക്കകം രേഖകൾ ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിച്ചതായി മുൻപ് സർക്കാരെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനെതിരെയാണ് കെ എം ബഷീറിന്റെ ഭാര്യ സി ജസീല ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതകൾ പരിശോധിക്കാതെയും ഏകപക്ഷീയവുമായാണ് സർക്കാർ തീരുമാനമെടുത്തതെന്നും മുൻപ് നൽകിയ ഉറപ്പിൽ നിന്ന് പിന്മാറി കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാനായി ഉന്നതതലത്തിൽ ഐഎഎസ് ലോബി ഇടപെട്ടിട്ടുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. നൂറോളം സാക്ഷികളും നിരവധി രേഖകളുമുള്ള ഈ ഗൗരവമേറിയ കേസിൽ, മതിയായ പരിചയസമ്പത്തില്ലാത്ത പ്രൊസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് കൃത്യമായ വിചാരണ നടക്കാനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്. വഫ ഫിറോസിന്റെ പേരിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. തുടക്കത്തിൽ വാഹനം ഓടിച്ചത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെയാണ് വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് വ്യക്തമായത്.











