
മാധ്യമപ്രവർത്തകൻ കെ. എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ വിചാരണക്കോടതിയിൽ നിർണായക സാക്ഷിമൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി.
അപകടത്തിന് ശേഷം ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട ടി-ഷർട്ടും ജീൻസും കവടിയാറിലെ സിവിൽ സർവീസ് ക്വാർട്ടേഴ്സിൽ കൊണ്ടുപോയി വയ്ക്കുകയും, തുടർന്ന് പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്നും പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് വ്യക്തമാക്കി. ക്വാർട്ടേഴ്സിൽ വച്ചിരുന്ന ഈ വസ്ത്രങ്ങൾ പിന്നീട് പൊലീസിന് എടുത്തു നൽകിയത് ശ്രീറാമിന്റെ ഐ.എ.എസ് അക്കാദമിയിലെ സഹപാഠിയായിരുന്നെന്ന് പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങും കോടതിയെ അറിയിച്ചു. എന്നാൽ കോടതിയിൽ കാണിച്ച വസ്ത്രങ്ങൾ അന്ന് നൽകിയവ തന്നെയാണോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓർമയില്ലെന്നാണ് സാക്ഷികൾ മറുപടി നൽകിയത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ കെ. എം. ബഷീർ കൊല്ലപ്പെടുന്നത്. കേസിലെ ഏക പ്രതിയായ ശ്രീറാമിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. എസ്. രാജേഷ് ഹാജരായ കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
KM Bashir Murder Case: Sriram’s Blood-Stained Clothes Moved to Quarters, Witnesses Testify in Court











