
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം നൽകി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടിയാണ് നടപടികൾ മാറ്റിവെച്ചത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. സന്തോഷിനെ നിയമിക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും ഔദ്യോഗിക നിയമന ഉത്തരവ് കോടതിയിൽ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിചാരണ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു അപകടമുണ്ടാക്കിയ വാഹനം. അപകടസമയത്ത് വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിതീർക്കാൻ ശ്രീറാം വെങ്കിട്ടരാമനും പോലീസും തുടക്കത്തിൽ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ശക്തമായ ഇടപെടലിനെത്തുടർന്ന് ഈ നീക്കം പൊളിയുകയായിരുന്നു.
കേസിലെ ഏക പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സർക്കാർ പ്രോസിക്യൂട്ടറുടെ ഔദ്യോഗിക നിയമന ഉത്തരവ് പുറത്തുവരുന്നതോടെ അടുത്ത ഘട്ടത്തിൽ വിചാരണ നടപടികൾ പുനരാരംഭിക്കും.
KM Bashir Death Case: Kerala High Court Stays Trial Procedures for One Month











