ന്യൂഡൽഹി: ഡൽഹി കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിൽ സിജെപി സംഘടിപ്പിക്കാനിരുന്ന ‘ലെഹ്റാ ദോ തിരംഗ’ മാർച്ചിൽ പങ്കുചേർന്ന് ഇടത് സംഘടനകളും. കൊണാട്ട് പ്ലേസിലേക്ക് ദേശീയപതാക കൈയിലേന്തി നീങ്ങിയ പ്രതിഷേധ പ്രകടനത്തിലാണ് ഇടത് എം.പി.മാരും പ്രവർത്തകരും എഎപി പ്രവർത്തകരും അണിനിരന്നത്.
മലയാളി നേതാക്കളായ സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം തുടങ്ങിയ ഇടത് എം.പി.മാർ ദേശീയപതാക ഉയർത്തി നടന്ന പ്രതിഷേധ പ്രക്ഷോഭത്തിൻ്റെ മുൻനിരയിൽത്തന്നെ നിലയുറപ്പിച്ചു. ആരെ കസ്റ്റഡിയിലെടുത്താലും എത്രപേരെ കസ്റ്റഡിയിലെടുത്താലും ഈ പ്രക്ഷോഭം അനന്തമായി മുന്നോട്ട് പോകുമെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ഡൽഹി നഗരത്തിന്റെ ഹൃദയഭാഗത്താണ് നൂറുകണക്കിന് ചെറുപ്പക്കാരും എം.പി.മാരും പ്രക്ഷോഭം നടത്തുന്നതെന്നും കേന്ദ്രത്തിന് പ്രതിഷേധത്തെ തളർത്താനാകില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് എ.എ. റഹീം എം.പി. പറഞ്ഞു. ദേശീയപതാക കൈയിലേന്തുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത്? ഇത് കുറ്റകൃത്യമാണെങ്കിൽ ഞങ്ങളത് വീണ്ടും വീണ്ടും ഉയർത്തിക്കാണിക്കും. ദേശീയപതാക സംരക്ഷിക്കാനും രാജ്യത്തെ സംരക്ഷിക്കാനും ഭരണഘടന സംരക്ഷിക്കാനുമുള്ള പോരാട്ടത്തിലാണ് ഞങ്ങളെല്ലാവരുമെന്നും എ.എ. റഹീം വ്യക്തമാക്കി.
അതേസമയം തിരംഗ മാർച്ച് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചയോടെ ഡൽഹി പോലീസ് നൽകിയ നോട്ടീസ് ലംഘിച്ചു എന്ന കുറ്റം ആരോപിച്ച് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്തിരുന്നു. മാർച്ച് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഡൽഹി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
Left-wing organizations also joined the ‘Lehra Do Tiranga’ march that was organized by CJP at Central Park in Connaught Place, Delhi.









