
ദുബായിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് എംപി കെ. സുധാകരനെ കാണാൻ മകന് ആശുപത്രി അധികൃതർ അനുമതി നൽകി. സുധാകരൻ നിരീക്ഷണത്തിലാണെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു.
അതിനിടെ, പിതാവിന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകൻ സംജോഗ് രംഗത്തെത്തിയിരുന്നു. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന് സംശയിക്കുന്നതായും സംജോഗ് ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചിരുന്നതായി സുധാകരന്റെ മരുമകൻ അജിത്തും വെളിപ്പെടുത്തിയിരുന്നു. യുഎസിൽ ചികിത്സയ്ക്കായി പോയ സുധാകരൻ നിലവിൽ ദുബായിലാണ്.
തിങ്കളാഴ്ച ലോക്സഭയിൽ മണ്ഡലപുനർനിർണയ ബിൽ ചർച്ച ചെയ്യാനിരിക്കെ സുധാകരനോട് ഡൽഹിയിൽ തിരിച്ചെത്താൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു. ബിൽ പാസാക്കാൻ ലോക്സഭയിലെ 540 അംഗങ്ങളിൽ 360 പേരുടെ പിന്തുണ ആവശ്യമാണ്. എൻഡിഎയ്ക്ക് നിലവിൽ 322 അംഗങ്ങളാണുള്ളത്. മറ്റ് പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനാൽ ഓരോ എംപിയുടെയും വോട്ട് നിർണായകമാണ്. ഈ സാഹചര്യത്തിൽ സുധാകരന് ഇന്ന് ഡൽഹിയിലെത്താനാകുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.















