കൊൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ച സംഭവത്തിൽ പൂജാ സംഘാടകരടക്കം 12 പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും സർക്കാർ ജോലിയും നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം രൂപ വീതം നൽകുമെന്നും ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് 7.30ഓടെയാണ് വടക്കൻ കൊൽക്കത്തയിലെ ചോർബഗാനിൽ ദുരന്തമുണ്ടായത്. ദുർഗാപൂജയുടെ ഏഴാം ദിവസമായ സപ്തമിക്ക് പന്തലിലേക്ക് ആളുകൾ ഇടുങ്ങിയ വഴിയിലൂടെ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമായത്. കനത്ത മഴയിൽ റോഡുകൾ വഴുക്കലുള്ളതായിരുന്നു. മഴയിൽനിന്ന് രക്ഷപ്പെടാൻ പന്തലിലേക്ക് ഓടിയെത്തിയവർ തെന്നിവീണതോടെ മറ്റുള്ളവരും അവരുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ചയും പൊലീസിന്റെ അപര്യാപ്തമായ സാന്നിധ്യവുമാണ് ദുരന്തത്തിന് കാരണമെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആരോപിച്ചു. പൂജാ കമ്മിറ്റി അധ്യക്ഷൻ ബിജെപി എംഎൽഎയാണെന്നും മരണങ്ങളുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുകയെന്നും പാർട്ടി എക്സിലൂടെ ചോദിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുമെന്ന് അധികാരി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെയും ഫൊറൻസിക് വിദഗ്ധരെയും ഉൾപ്പെടുത്തി വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെടും. പൂജാ സംഘാടകരുടെ പ്രഖ്യാപനത്തെത്തുടർന്നുണ്ടായ തിരക്കാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, മമത ബാനർജി എന്നിവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബംഗാൾ സന്ദർശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ചത്തെ പരിപാടികൾ റദ്ദാക്കി പരിക്കേറ്റവരെ സന്ദർശിക്കുമെന്ന് അറിയിച്ചു. ദുരന്തത്തെത്തുടർന്ന് ചോർബഗാൻ സർബജനീൻ ദുർഗോത്സവ് സമിതിയുടെ പന്തൽ അടച്ചു. നഗരത്തിലെ മറ്റു പൂജാ സംഘാടകർ മതിയായ സുരക്ഷാ ക്രമീകരണങ്ങളും ജനത്തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Kolkata Durga Puja pandal stampede kills 19, organisers detained











