
ലോക്സഭയിൽ തങ്ങളുടെ എംപിമാർക്ക് കോൺഗ്രസ് അംഗങ്ങൾക്കൊപ്പമല്ലാതെ പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം ലോക്സഭാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വന്നതോടെ വിജയിന്റെ തമിഴക വെട്രി കഴകവും (ടിവികെ) കോൺഗ്രസും തമ്മിൽ പുതിയ സഖ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഡിഎംകെ നേതാവ് കനിമൊഴി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റ് അടിയന്തരമായി പുതിയ ക്രമീകരണം നടത്തിയത്. നിലവിൽ 22 എംപിമാരുള്ള ഡിഎംകെ, കോൺഗ്രസുമായുള്ള കടുത്ത രാഷ്ട്രീയ ഭിന്നതയെത്തുടർന്ന് പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചത് ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിലെ വിള്ളൽ പൂർണ്ണമായും പ്രകടമാക്കുന്നതായി.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരുകൂട്ടായ്മയിലും തങ്ങൾ ഇനി ഭാഗമാകില്ലെന്നും ഡിഎംകെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പരസ്യമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ ഇത്തരം നിലപാടുകളിൽ പാർട്ടി പ്രവർത്തകർക്ക് കടുത്ത അമർഷവും വേദനയുമുണ്ടെന്നും അവരുടെ വികാരങ്ങളെ പൂർണ്ണമായി മാനിച്ചാണ് ജൂൺ എട്ടിന് ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ നിർണ്ണായക യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും ഡിഎംകെ വ്യക്തമാക്കുന്നു. കോൺഗ്രസിനോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്നും മാറിനിൽക്കുന്നത് ദേശീയ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങളിൽ നിന്നുള്ള പിന്മാറ്റമല്ലെന്നും പാർട്ടി പ്രസ്താവിച്ചു.
ഇന്ത്യ സഖ്യത്തിന്റെ തുടക്കം മുതൽ അതിന്റെ ശക്തമായ നെടുംതൂണായി പ്രവർത്തിച്ചിരുന്നത് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആയിരുന്നുവെന്നും സഖ്യ രൂപീകരണത്തിൽ തങ്ങൾ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നത് മുന്നണിയിലെ എല്ലാ കക്ഷികൾക്കും ബോധ്യമുള്ള കാര്യമാണെന്നും ഡിഎംകെ ഓർമ്മിപ്പിച്ചു. കോൺഗ്രസുമായി വേദി പങ്കിടില്ലെങ്കിലും സഖ്യത്തിലെ മറ്റ് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്ന ജനക്ഷേമകരമായ ദേശീയ വിഷയങ്ങൾക്ക് ഡിഎംകെയുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും പാർലമെന്റിനകത്തും പുറത്തും ഉണ്ടാകുമെന്നും തങ്ങൾ മുൻപോട്ടു വെച്ച പോരാട്ടങ്ങളിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
Lok Sabha Secretariat accepts DMK’s request for separate seating away from Congress MPs















