
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി രാഹുലുമായി നേരിട്ട് ചർച്ച നടത്തിയ മന്ത്രി, രാഹുലിന്റെ പെരുമാറ്റം ജനാധിപത്യ മര്യാദകൾക്ക് തീരെ ചേർന്നതല്ലെന്ന് കുറ്റപ്പെടുത്തി. സമരക്കാരുമായി സംസാരിക്കാൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെയും അയച്ചുവെങ്കിലും ചർച്ചയിൽ രാഹുൽ ഗാന്ധി പൊടുന്നനെ നിലപാട് മാറ്റുകയായിരുന്നുവെന്ന് സമൂഹമാധ്യമമായ എക്സിലൂടെ മന്ത്രി വിശദീകരിച്ചു.
നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചാൽ സമരം അവസാനിപ്പിക്കാമെന്നാണ് രാഹുൽ ഗാന്ധി ആദ്യം ആവശ്യപ്പെട്ടത്. സർക്കാരിന്റെ ഉന്നത നേതൃത്വവുമായി സംസാരിച്ച് ഈ ആവശ്യം അംഗീകരിച്ചതായി അറിയിച്ച നിമിഷം രാഹുൽ വാക്കുമാറ്റുകയായിരുന്നു. പാർലമെന്റിലെ ചർച്ചയ്ക്കൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി വേണമെന്ന പുതിയ ഉപാധി രാഹുൽ മുന്നോട്ടുവെച്ചു. പ്രതിപക്ഷ നേതാവ് എന്ന തസ്തികയിലിരിക്കുന്ന ഒരു മുതിർന്ന നേതാവ് മിനിറ്റുകൾക്കകം വാക്കുമാറി സംസാരിക്കുന്നത് നിർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രി തുറന്നടിച്ചു.
മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സമരം നടത്താൻ അനുയോജ്യമായ സ്ഥലമല്ല ഇതെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ, ‘തനിക്ക് ഇഷ്ടമുള്ളയിടത്ത് പ്രതിഷേധിക്കും’ എന്ന മട്ടിലായിരുന്നു രാഹുലിന്റെ മറുപടിയെന്ന് മന്ത്രി വെളിപ്പെടുത്തി. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ഏത് തരത്തിലുള്ള ചർച്ചയ്ക്കും സർക്കാർ പൂർണ്ണ സജ്ജമാണെന്നും, എന്നാൽ വിഷയം ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് ഇതുവരെ ചട്ടപ്രകാരമുള്ള നോട്ടീസ് നൽകാൻ പോലും തയ്യാറായിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
അതേസമയം ധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങളാണ് ഉണ്ടായത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് തൂക്കിയെടുത്ത് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ട സാഹചര്യത്തിലാണ് പോലീസ് നടപടി ഉണ്ടായത്. പ്രിയങ്ക ഗാന്ധിയെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നടത്തുന്ന സി ജെ പി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെ വലിച്ചിഴയ്ച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അറസ്റ്റ് ചെയ്തു. ഇതോടെ കോൺഗ്രസ് പ്രതിഷേധം ശക്തമായിട്ടുണ്ട്.
Rahul Gandhi Backtracked Mid-Talks, Behavior Unbecoming of Democracy: Jitendra Singh















